ഗുവാഹത്തി: പന്ത്രണ്ടാമത് സാഫ് ഗെയിംസിന് തിരിതെളിഞ്ഞു. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന സാഫ് ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഗുവാഹതിയിലെ സരുസജായ് സ്‌പോര്‍ട്‌സ് കോംപഌക്‌സിലെ ഇന്ദിര ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
ഉദ്ഘാടന ചടങ്ങിനോടൊപ്പം ടീം അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരുന്നു. വന്ദേമാതരം, ജയ്‌ഹോ എന്ന ഗാനങ്ങളും ഭൂപന്‍ ഹസാരിക രചിച്ച ഈ പ്രിഥ്വി ഏക കിരംഗന്‍ (ഈ ഭൂമി ഒരു കളിക്കളം) എന്ന തീം സോങ്ങും ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ചു. കുട്ടികളുടെ ലേസര്‍ ലൈറ്റ് ഷോയും ചടങ്ങിന്റെ മാറ്റുകൂട്ടി.
ദീപശിഖാ പ്രയാണത്തിനൊടുവില്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ സ്‌റ്റേഡിയത്തില്‍ തയ്യാറാക്കിയ വിളക്കിലേക്ക് ദീപം പകര്‍ന്നു. ഗഗന്‍ നാരംഗ്, അഞ്ജു ബോബി ജോര്‍ജ് തുടങ്ങിയവരും ദീപശിഖാ പ്രയാണത്തില്‍ സംബന്ധിച്ചു.
സാഫ് ഗെയിംസിലെ മത്സരങ്ങള്‍ ഇന്നലെ ആരംഭിച്ചു. വോളിബോള്‍, വനിതാ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.
















