കാഞ്ഞാര്‍: മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ സ്റ്റോറില്‍ വനിതാ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. മാനേജര്‍ക്കെതിരേ അഴിമതിയാരോപണം ഉന്നയിച്ച് പോസ്റ്ററൊട്ടിച്ചതുമായി ബന്ധപ്പെട്ടാണ് ഓഫീസില്‍ സംഘര്‍ഷം നടന്നത്. പരിക്കേറ്റ രണ്ട് വനിതാ ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. മാനേജരുടെ ഏകപക്ഷീയമായ ചില പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഏറെ നാളായി നിലനിന്നിരുന്ന ഭിന്നതയാണ് ഇന്നലെ വനിതാ ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിലെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പാഴ്‌സല്‍ സര്‍വ്വീസുകാരുടെ വാഹനത്തില്‍ തൊടുപുഴയില്‍ 85 ബോക്‌സ് മരുന്നെത്തിയിരുന്നുവെന്നും ഇത് മാനേജര്‍ ചുമട്ടു തൊഴിലാളികളെ ഒഴിവാക്കി ഇറക്കുകയും മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നുവെന്ന് ഒരു വിഭാഗം ജീവനക്കാര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ തങ്ങള്‍ക്കു കിട്ടേണ്ട പണം മാനേജര്‍ തട്ടിയെടുത്തതായി ആരോപിച്ച് ചുമട്ടുതൊഴിലാളികള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിഷേധത്തിലായിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ മാനേജര്‍ ജെയ്‌നി സി നാരായണനെതിരേ ചുമട്ടു തൊഴിലാളികള്‍ അഴിമതിയാരോപണം ഉന്നയിച്ച് പോസ്റ്ററൊട്ടിച്ചതുമായി ബന്ധപ്പെട്ടാണ് രാവിലെ പത്ത് മണിയോടെ സംഘര്‍ഷമുണ്ടായത്. പോസ്റ്ററൊട്ടിച്ചതിനു പിന്നില്‍ തങ്ങളാണെന്ന് ആരോപിച്ച് മാനേജര്‍ക്ക് വേണ്ടി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ് മുട്ടം പിഎച്ച്‌സിയില്‍ ചികിത്സ തേടിയ പാക്കിംഗ് സെക്ഷനിലെ ദിവസ വേതനക്കാരി മിനി പറഞ്ഞു. ഇതിനിടെ മാനേജരുടെ ആളാണെന്നാരോപിച്ച് പാക്കിംഗ് തൊഴിലാളി തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ഷിജോ മോള്‍ ജോര്‍ജ്ജ് തൊടുപുഴ താലൂക്കാശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ഇതിനിടെ ഓഫീസിലേക്ക് വാഹനം വിളിക്കുന്നതുമായി ബന്ധപ്പെട്ടും മാനേജര്‍ വന്‍ അഴിമതി നടത്തിയിട്ടുണ്ടെന്നും ജീവനക്കാര്‍ ആരോപിച്ചു. ഇക്കാര്യം ഡിഎംഒ യോട് സൂചിപ്പിച്ചതിനു ശേഷം തങ്ങളെ ഭിന്നിപ്പിച്ചാണ് ഭരിക്കുന്നതെന്നും ഒരു വിഭാഗം ജീവനക്കാര്‍ പറഞ്ഞു.
















