ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പാകിസ്ഥാന് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. ഭീകര സംഘടനകളെ സഹായിക്കുന്ന നടപടികളില്‍ നിന്ന് പാകിസ്ഥാന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സമിതിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
പത്താന്‍കോട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാകിസ്ഥാനോട് ഭാരതം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാക് അധീന കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് പാകിസ്ഥാന് പാര്‍ലമെന്റ്് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അതിര്‍ത്തിയിലെ സമാധാനത്തിന് പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇന്ത്യ – പാകിസ്ഥാന് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് ശക്തമായ നടപടി അനിവാര്യമാണെന്നും പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി പറയുന്നു. ഭരണകക്ഷിയായ പാകിസ്ഥാന് മുസ്ലീം ലീഗിന്റെ വിദേശകാര്യ നയം പരിഗണിക്കുന്ന സമിതി കൂടിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മുന്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രികൂടിയായ അവൈസ് അഹ്മദ് ലെഹാരി ഉള്‍പ്പെട്ടതാണ് സമിതി. ഇന്ത്യ-പാകിസ്ഥാന് ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെ, ഭരണകക്ഷിയായ പാകിസ്ഥാന് മുസ്ലീം ലീഗിന്റെ നിയമവിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സമിതിയുടെ റിപ്പോര്‍ട്ടിനെ ഏറെ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.
















