ന്യൂദല്‍ഹി: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര വനിതാ, ശിശുവികസന മന്ത്രി മനേകാ സഞ്ജയ് ഗാന്ധിയുടെ പേരില്‍വന്ന മാധ്യമവാര്‍ത്തകള്‍ വസ്തുതാപരമായി തെറ്റാണെന്ന് കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഓരോ ഗര്‍ഭധാരണവും രജിസ്റ്റര്‍ ചെയ്യപ്പെടണമെന്നും ഭ്രൂണലിംഗ നിര്‍ണ്ണയം നടത്തി പിറക്കാന്‍ പോകുന്ന കുട്ടി ആണാണോ, പെണ്ണാണോ എന്ന് രക്ഷിതാക്കളെ അറിയിക്കണമെന്നുമുള്ള വ്യത്യസ്തമായ ഒരുചിന്താധാര രാജ്യത്തുണ്ട്. ഗര്‍ഭസ്ഥശിശു പെണ്‍കുട്ടിയാണെങ്കില്‍ ഗര്‍ഭമലസിപ്പിക്കല്‍ തടയാനും പ്രസവം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇത് സഹായിക്കും. മന്ത്രാലയത്തിനുമുമ്പാകെ വന്ന ഈ ഒരു അഭിപ്രായത്തെക്കുറിച്ച് സൂചിപ്പിക്കുകയാണ് മനേകാ ഗാന്ധി ചെയ്തതെന്നും ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മനേകാ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നുവെന്നും വനിതാ ശിശുവികസന മന്ത്രാലയം അറിയിച്ചു. ഇങ്ങനെയൊരു നിര്‍ദ്ദേശം നടപ്പില്‍ വരുത്തുന്നത് ഇപ്പോള്‍ മന്ത്രാലയത്തിന്റെ പരിഗണനയിലില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിലും ട്വിറ്റര്‍ ഹാന്റിലിലും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം.
















