കാഞ്ഞിരപ്പള്ളി: രൂപതയുടെ നിയുക്ത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലിന്റെ മെത്രാഭിഷേകത്തോടനുബന്ധിച്ച് രൂപീകരിച്ച വിവിധ കമ്മറ്റികളുടെ സംയുക്ത സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കാഞ്ഞിരപ്പള്ളി മഹാജൂബിലി ഹാളില്‍ നടക്കും.
രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ നിയുക്ത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സന്നിഹിതനായിരിക്കും. മെത്രാഭിഷേക കമ്മറ്റി ചെയര്‍മാനും രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസുമായ റവ.ഡോ.മാത്യു പായിക്കാട്ടും വിവിധ കമ്മറ്റികളുടെ ചെയര്‍മാന്മാരും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. രൂപതയുടെ വിവിധ മേഖലകളില്‍ നിന്നുള്ള വൈദികരും, സന്യസ്തരും, അല്മായരുമടങ്ങുന്ന 501 അംഗ വോളന്റിയര്‍ ടീമാണ് ഏഴായിരത്തിലധികം വിശ്വാസികളും എഴുപതിലധികം മെത്രാന്മാരും പങ്കെടുക്കുന്ന മെത്രാഭിഷേക ചടങ്ങിന് വേണ്ട ക്രമീകരണങ്ങളൊരുക്കുന്നത്.
















