ന്യൂദല്‍ഹി: രാജ്യത്ത് കൃഷിയ്‌ക്കും ചെറുകിട വ്യവസായത്തിനും തൊഴില്‍ മേഖലയ്‌ക്കും വമ്പിച്ച കുതിപ്പു നല്‍കുന്ന ഖാദി വിപ്ലവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും പദ്ധതി പ്രഖ്യാപനവും. ഇന്നലെ നടത്തിയ മന്‍ കീ ബാതിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും രാജ്യ വികസന സ്വപ്‌നത്തിന്റെ അടിത്തറയായിരുന്നു ഖാദിയെന്ന് മോദി പറഞ്ഞു. ഇതിന്റെ ഭാഗമായി മുഴുവന്‍ ജനങ്ങളും ഒരു ഖാദി വസ്ത്രമെങ്കിലും ഉപയോഗിക്കാന്‍ മോദി ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ റെയില്‍ മന്ത്രാലയം, പൊലീസ് വകുപ്പ്, ഭാരത നാവികസേന, ഉത്തരാഖണ്ഡിലെ തപാല്‍ വകുപ്പ്, ഇങ്ങനെ ധാരാളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഖാദിയുടെ ഉപയോഗം തുടങ്ങി. സര്‍ക്കാരിന്റെ ഈ പദ്ധതിയുടെ ആവശ്യം പൂര്‍ത്തീകരിക്കാന്‍ പ്രത്യേകമായി ഖാദി ഉല്‍പ്പാദന മേഖലയില്‍ 18 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇതുതന്നെ വലിയ കുതിച്ചുചാട്ടം വരുത്തും, മോദി വിശദീകരിച്ചു. ഖാദിയിലൂടെ ചെറുകിട വ്യവസായത്തേയും നൂല്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകരേയും തൊഴില്‍ തേടുന്നവരേയും വലിയ തോതില്‍ സഹായിക്കാന്‍ കഴിയുമെന്ന് മോദി ഓര്‍മ്മിപ്പിച്ചു.
രാജ്യത്തെ കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഇതുവരെ 20-25 ശതമാനത്തോളം കര്‍ഷകര്‍ക്കേ ഗുണമുണ്ടാക്കിയിട്ടുള്ളു. ഒന്നോ രണ്ടോ വര്‍ഷത്തില്‍, 50 ശതമാനം കര്‍ഷകരെയെങ്കിലും വിള ഇന്‍ഷുറന്‍സ് പോളിസിയുമായി ബന്ധിപ്പിക്കാന്‍ ജനങ്ങളുടെ സഹായം പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയും പെണ്‍കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ-സുരക്ഷാ പദ്ധതിയും വന്‍ വിജയമാകുന്നുവെന്ന് മോദി പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഇതു പ്രകടമായി. ഓരോ ഗ്രാമത്തിലേയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പതാകാവന്ദനത്തിന് ഗ്രാമത്തിലെ ഏറ്റവും അഭ്യസ്തവിദ്യരായ പെണ്‍കുട്ടികളെയാണ് തെരഞ്ഞെടുത്തത്. ‘മകളെ സംരക്ഷിക്കുക, മകളെ പഠിപ്പിക്കുക’ എന്ന ഒരു മഹത്തായ സന്ദേശം നല്‍കുന്നതിന് അവര്‍ ശ്രമിച്ചു. ഹരിയാനയില്‍, കഴിഞ്ഞ ഒരു വര്‍ഷം ഏതെല്ലാം കുടുംബങ്ങളില്‍ പെണ്‍കുട്ടികള്‍ ജനിച്ചുവോ അങ്ങിനെയുള്ള കുടുംബങ്ങളെ ജനുവരി 26 ന് പ്രത്യേകം ക്ഷണിക്കുകയും വിശിഷ്ട വ്യക്തികള്‍ എന്ന നിലയില്‍ മുന്‍ നിരയില്‍ അവര്‍ക്ക് സ്ഥാനം നല്‍കുകയും ചെയ്തു.
പ്രതിമകളും സ്മാരകങ്ങളും ശുചിയാക്കുകയെന്ന അഭ്യര്‍ത്ഥന വ്യക്തികളും സംഘടനകളും ഏറ്റെടുത്തു നടപ്പാക്കി. അവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍. റെയില്‍വേയിലെ സ്വച്ഛ് ഭാരത് പദ്ധതി മികച്ച ലക്ഷ്യം കണ്ടു. സ്റ്റാര്‍ട്ട് അപ് പദ്ധതി ഐടി മേഖലയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ആവിഷ്‌കരിക്കാനാവുമെന്ന് മേദി വിശദീകരിച്ചു.
ഫെബ്രുവരി നാലാം തീയതി മുതല്‍ എട്ടുവരെ ലോകത്തെ മുഴുവന്‍ നാവിക സേനകളും വിശാഖപട്ടണം സമുദ്രതീരത്ത് സമ്മേളിയ്‌ക്കുന്ന വിവരം പ്രധാനമന്ത്രി പങ്കുവെച്ചു. ഭാരത സമുദ്രതീരത്ത് നടക്കുന്ന അന്താരാഷ്‌ട്ര ഫഌറ്റ് റിവ്യൂ ലോക സൈന്യശക്തിയ്‌ക്കും നമ്മുടെ സൈന്യശക്തിയ്‌ക്കും ഒത്തുചേരലിനുള്ള ഒരു അവസരമാണെന്നും രാജ്യത്തിന് അഭിമാനമാണെന്നും മോദി പറഞ്ഞു.
മന്‍ കീ ബാത് ഇനി ഫോണിലും
‘മന്‍ കീ ബാത്’ പരിപാടി ഏതു സമയത്തും മൊബൈലില്‍ കേള്‍ക്കാം, 81908 81908 നമ്പരിലേക്ക് ഒരു മിസ്ഡ് കോള്‍ മതി. നിലവില്‍ ഹിന്ദിയിലാണ്, വൈകാതെ മാതൃഭാഷയിലും ലഭിയ്‌ക്കും.
ഓരോ മണ്ഡലത്തിലും ലക്ഷം
സ്ത്രീകള്‍ക്കു ജോലി, സാമൂഹ്യ സുരക്ഷ
ന്യൂദല്‍ഹി: രാജ്യത്തെ ഓരോ ലോക്‌സഭാ മണ്ഡലത്തിലും ഒരുലക്ഷം സ്ത്രീകള്‍ക്ക് ചെറുകിട വ്യവസായ മേഖലയില്‍ ജോലി നല്‍കാനും സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അവരെ ഉള്‍പ്പെടുത്താനുമാണ് സര്‍ക്കാര്‍ പദ്ധതിയെന്ന് കേന്ദ്ര ചെറുകിട വ്യവസായ വകുപ്പു മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു.
ഖാദി വില്‍പ്പന പ്രതിവര്‍ഷം നിലവിലുള്ള 26,000 കോടിയില്‍ നിന്ന് ഒരുലക്ഷം കോടിയാക്കും. ഇതിന് ഖാദി ഗ്രാമവ്യവസായ മേഖലയില്‍ അഞ്ചുലക്ഷം സ്ത്രീകള്‍ക്കു ജോലി നല്‍കും. അംബര്‍ ചര്‍ക്ക എന്ന പേരില്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ചര്‍ക്കകള്‍ സ്ത്രീകള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യും, മന്ത്രി പറഞ്ഞു.
ഗാന്ധിജി, പട്ടേല്‍, ഖാദി
മഹാത്മാ ഗാന്ധി ഖാദിയിലൂടെ പ്രവര്‍ത്തിച്ചു ജീവിച്ചു മാതൃകയായെന്നു പറഞ്ഞ പ്രധാനമന്ത്രി സര്‍ദാര്‍ പട്ടേല്‍ ഖാദിയെക്കുറിച്ചു പറഞ്ഞത് വിവരിച്ചു: ഭാരതത്തിന്റെ സ്വാതന്ത്ര്യം ഖാദിയിലാണ്. ഹിന്ദുസ്ഥാന്റെ സംസ്‌കാരവും ഖാദിയിലാണ്. ഹിന്ദുസ്ഥാന്‍ അതിന്റെ പരമധര്‍മ്മമായി കരുതുന്ന അഹിംസയും ഖാദിയിലുണ്ട്. പിന്നെ ഹിന്ദുസ്ഥാനിലെ കര്‍ഷകരുടെ നന്മയും ഖാദിയിലുണ്ട്. ഈ കര്‍ഷകരോടാണല്ലോ നാം ഇത്രയധികം സന്മനോഭാവം കാണിക്കുന്നതും.
















