ന്യൂദല്‍ഹി: ചെങ്കോട്ടയിലെ ഭാരത്പര്‍വ്വ് വേദിയെ വിസ്മയിപ്പിച്ച് കേരളത്തിലെ ക്ഷേത്ര വാദ്യമായ ചെണ്ടയിലൂടെ ‘പഞ്ചാരിമേളം’ മുഴങ്ങി. 10 വയസുള്ള പ്രണവ് ശ്രീകുമാറും 12 കാരനായ റോഷനുമായിരുന്നു പഞ്ചാരിമേളത്തിലെ താരങ്ങള്‍.
കലാമണ്ഡലം ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് 18 പേരടങ്ങുന്ന സംഘം ഭാരത്പര്‍വ്വ് വേദിയില്‍ പഞ്ചാരിമേളം അവതരിപ്പിച്ചത്. കേരളത്തിലെ ക്ഷേത്രവാദ്യത്തിന്റെ താളക്കൊഴുപ്പില്‍ സന്ദര്‍ശകര്‍ സ്വയം മറന്നു. പഞ്ചാരിമേളത്തിലെ മൂന്ന്, നാല്, അഞ്ച് കാലങ്ങളാണ് ‘ഭാരത്പര്‍വ്വ്’ വേദിയില്‍ അവതരിപ്പിച്ചത്. ഇടംതല, വലംതല, ഇലത്താളം, കൊമ്പ് എന്നീ പരമ്പരാഗത ക്ഷേത്ര വാദ്യോപകരണങ്ങളും ചെണ്ടയും ഒത്തുചേര്‍ന്നപ്പോള്‍ കേരളത്തിലെ ക്ഷേത്രങ്ങളിലെ ഉത്സവ മേളത്തെ അനുസ്മരിപ്പിക്കുന്നതായി ഭാരത്പര്‍വ്വ് വേദി.
ശ്രീജിത്ത് ശങ്കര്‍, പി. ഗോപിനാഥ്, യു.വിഷ്ണു, കെ. വേണുഗോപാലന്‍, യു. വിശ്വാസ്, ജയന്‍ എ. നാരായണന്‍, കെ. മോഹനന്‍, പി.കെ.രാജേഷ്, കെ. രഞ്ജിത്ത് മേനോന്‍, കൃഷ്ണദാസ്, എം.കെ. നായര്‍, ടി.ബി ആദര്‍ശ്, വി.സുരേഷ് കുമാര്‍, വിപിന്‍ നായര്‍, വി.ജി. റെജിമോന്‍ തുടങ്ങിയവരാണ് പഞ്ചാരിമേളം അവതരിപ്പിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രാലയവും, ടൂറിസം മന്ത്രാലയവും സംയുക്തമായി ചെങ്കോട്ടയില്‍ നടത്തുന്ന ഭാരത്പര്‍വ്വ് പരിപാടികള്‍ ഇന്ന് അവസാനിക്കും.
















