കോഴിക്കോട്: റഹ്മാന്‍ സ്റ്റേഡിയത്തിലെ കാണികള്‍ സ്തബ്ധരായ നിമിഷമായിരുന്നു അത്. എല്ലാവരുടെയും ഉള്ളില്‍ ആ ചോദ്യമുയര്‍ന്നു. എന്തിന്? എന്താണ് സംഭവിച്ചത്? അതിനുള്ള ഉത്തരം ട്രാക്കിലെത്തിയത് നീണ്ട മണിക്കൂറുകള്‍ക്ക് ശേഷം. സംഭവിച്ചതെല്ലാം ഇതിനാണ്. ഈ സ്വര്‍ണ്ണത്തിന് വേണ്ടി. ടി.പി. ഷഹര്‍ബാന സിദ്ദീഖ് കാത്തിരുന്നത് ഈ അഭിമാന മുഹൂര്‍ത്തത്തിനാണ്.
ഇന്നലെ രാവിലെ നടന്ന പെണ്‍കുട്ടികളുടെ നൂറ് മീറ്റര്‍ ഹീറ്റ്‌സിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മത്സരത്തിന് തയ്യാറായി മറ്റ് താരങ്ങള്‍ക്കൊപ്പം മെഡല്‍ പ്രതീക്ഷയായ ഷഹര്‍ബാന സിദ്ദീഖും. ഏവരും ഉറ്റുനോക്കിയിരിക്കെ സ്റ്റാര്‍ട്ട്‌സ്…, ശരവേഗത്തില്‍ താരങ്ങളുടെ കുതിപ്പ്. പക്ഷേ രണ്ട് സെക്കന്റ് ഓടി ഷഹര്‍ബാന മത്സരത്തില്‍ നിന്ന് പിന്‍മാറി കളം വിട്ടു. സ്റ്റേഡിയമാകെ അമ്പരുന്ന നിമിഷമായിരുന്നു അത്. ഈയിനത്തില്‍ സ്വര്‍ണ്ണം ഉറപ്പിച്ച താരം. ഉഷ സ്‌കൂളിലെ പ്രതിഭ. ടിന്റുലൂക്കക്ക് ശേഷം നാടാകെ പ്രതീക്ഷയര്‍പ്പിച്ച കളിക്കാരി. പിന്നെ അഭ്യൂഹമായിരുന്നു. അത് പൊടിപ്പും തൊങ്ങലും വെച്ച് സ്റ്റേഡിയത്തിനകത്തും പുറത്തും പറന്നു.
മാധ്യമ പ്രവര്‍ത്തകരോട് പോലും പ്രതികരിക്കാതെ ഷഹര്‍ബാന ക്യാമ്പിലേക്കും മടങ്ങി.
ഉച്ചക്ക് ശേഷം നടന്ന 400 മീറ്റര്‍ മത്സരത്തില്‍ വീണ്ടും ഷഹര്‍ബാന. കായിക പ്രേമികളില്‍ ആശങ്ക ഉരുണ്ടുകൂടും മുമ്പേ മത്സരമായി. പിന്നെ മിന്നല്‍പിണര്‍. രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള നാല് താരങ്ങളെ പിന്തള്ളി ഷഹര്‍ബാന ഒന്നാമതായി ഓടിയെത്തിയതോടെ ഗ്യാലറിയാകെ നിലയ്‌ക്കാത്ത കരഘോഷം.
തന്ത്രപരമായ നീക്കമായിരുന്നു രാവിലെ നടന്നതെന്ന് പി.ടി.ഉഷ പറഞ്ഞു. ഇതെക്കുറിച്ച് ഭര്‍ത്താവ് ശ്രീനിവാസന്‍ കൂടുതല്‍ വിശദീകരിച്ചു: അടുത്തടുത്ത മത്സരങ്ങളിലൂടെ താരത്തിനുണ്ടാകുന്ന കടുത്ത സമ്മര്‍ദ്ദം ഒഴിവാക്കാനായിരുന്നു പിന്‍മാറ്റം. സാങ്കേതിക പ്രശ്‌നം ഉള്ളതിനാലാണ് അത് നാടകീയമായി വേണ്ടിവന്നത്. കളിക്കാര്‍ക്ക് മൂന്ന് തരത്തില്‍ പിന്മാറാം. എല്ലാ രീതിയും ചോദ്യംചെയ്യപ്പെടാം. താരങ്ങളെ പുറത്താക്കാന്‍ വരെ നിയമമുണ്ട്. അതെല്ലാം ഒഴിവാക്കി തികച്ചും സുരക്ഷിതമായ മാര്‍ഗമാണ് ഷഹര്‍ബാനയുടെ കാര്യത്തില്‍ സ്വീകരിച്ചതെന്നും ശ്രീനിവാസന്‍ പറഞ്ഞു.
















