തൊടുപുഴ: ഡ്രൈഡേയില്‍ മദ്യവില്‍പ്പന നടത്തിയ ഷാപ്പ് അടപ്പിച്ചു. തൊടുപുഴ വെങ്ങല്ലൂര്‍ ഷാപ്പും പടിയില്‍ പ്രവര്‍ത്തിക്കുന്ന ഷാപ്പിലാണ് അനധികൃത വില്‍പ്പന നടന്നത്.വെങ്ങല്ലൂരിന് പട്രോളിങിനുപോയ തൊടുപുഴ ട്രാഫിക് യൂണിറ്റ് എസ്‌ഐയും സംഘവുമാണ് ഷാപ്പ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. ഉടന്‍ തന്നെ തൊടുപുഴ എക്‌സൈസ് വിഭാഗത്തിനു വിവരം കൈമാറി. എക്‌സൈസ് എത്തുന്നതും കാത്ത് ഒരു മണിക്കൂര്‍ ട്രാഫിക് പോലിസ് സംഘം കാത്തു നിന്നു. എക്‌സൈസുകാരെക്കുറിച്ചു യാതൊരു വിവരവുമില്ലാതായതോടെ ട്രാഫിക് എസ് ഐ തൊടുപുഴ ഡിവൈഎസ്പിയെ വിവരമറിയിച്ചു. ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം തൊടുപുഴ എസ് ഐ വിനോദ്കുമാര്‍ എത്തിയാണ് ഷാപ്പ് അടപ്പിച്ചത്. കാനുകളില്‍ ശേഖരിച്ചിരുന്ന കള്ള് പോലിസ് നശിപ്പിച്ചു. സാംപിളിനായി എടുത്ത കള്ള് പരിശോധനയ്‌ക്കായി ഇന്ന് ലാബിലേയ്‌ക്ക് അയക്കും. ഇവിടെ ഇരുന്ന് മദ്യപിച്ചിരുന്ന എട്ടുപേരെ തൊടുപുഴ താലുക്കാശുപത്രിയില്‍ എത്തിച്ചു വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. ഇവിടെ നിന്നും 3000ത്തോളം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഷാപ്പ് ഉടമ കുഞ്ഞിനെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു.
















