ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരം എസ്‌വിഎസ് കോളജ് ഓഫ് നാച്വറോപതി ആന്‍ഡ് യോഗ സയന്‍സ് വിദ്യാര്‍ഥിനികളായ മൂന്നു പേര്‍ ജീവനൊടുക്കിയ കേസ് അന്വേഷണം സിബി-സിഐഡിക്ക്. തമിഴ്‌നാട് ഡിജിപിയാണ് ക്രൈം ബ്രാഞ്ച് ക്രിമിനല്‍ ഇന്‍വിസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് അന്വേഷണം കൈമാറിയത്.
ടി. മോനിഷ (19), എ. ശരണ്യ (19), വി. പ്രിയങ്ക (19) എന്നിവരെയാണ് കോളജ് പരിസരത്തുള്ള സ്വകാര്യ കൃഷിയിടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമ്മില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കനത്ത ഫീസും മാനേജ്മെന്റിന്റെ പീഡനങ്ങളും സഹിക്കാനാവാതെയെന്ന് ആത്മഹത്യക്കുറിപ്പെഴുതിയ ശേഷമാണ് പെണ്‍കുട്ടികള്‍ ജീവനൊടുക്കിയത്.
കോളേജ് ചെയര്‍മാന്‍ വാസുകി സുബ്രഹ്മണ്യനാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദിയെന്നും ഇവര്‍ രണ്ടു പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. തങ്ങളുടെ മരണത്തിലൂടെ ചെയര്‍മാനെതിരെ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദ്യാര്‍ഥിനികള്‍ കത്തില്‍ എഴുതിയിട്ടുണ്ട്.
അമിതഫീസ് ചുമത്തുന്നുവെന്നാരോപിച്ച് ഏറെക്കാലമായി കോളേജില്‍ സമരങ്ങള്‍ നടന്നു വരികയാണ്. കഴിഞ്ഞ വര്‍ഷം രണ്ടുതവണ ഇതിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യാശ്രമങ്ങളുമുണ്ടായി.
















