ന്യൂദല്‍ഹി: ഭാരതത്തിനെതിരെ ആക്രമണത്തിനായി പാക് ചാരസംഘടനയായ ഐഎസ്‌ഐ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി കൈകോര്‍ക്കുന്നു. ഐഎസ് ഭീകരനായ അബു ബക്കര്‍ അല്‍ ബാഗ്ദാദിയുമായി ചേര്‍ന്നാണ് ഐഎസ്‌ഐ ആക്രമണത്തിന് ഒരുക്കം നടത്തുന്നത്.
ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്‌ഷേ മുഹമ്മദ്, സിമി, ഇന്ത്യന്‍ മുജാഹിദ്, ജമാത്ത് ഉദ്-ദാവ തുടങ്ങിയ ഭീകരഗ്രൂപ്പുകള്‍ക്ക് എല്ലാ സഹായവും ചെയ്ത് ഭാരതത്തിലേക്ക് നുഴഞ്ഞുകയറുവാന്‍ നാലു പതിറ്റാണ്ടായി ഐഎസ്‌ഐ സഹായം നല്‍കി വരികയാണ്. ഇപ്പോള്‍ ഇറാഖിലെ ഐഎസ് ഭീകരരെ അതിര്‍ത്തി കടത്തിവിടുവാനാണ് ഐഎസ്‌ഐ ശ്രമിക്കുന്നത്.
അന്താരാഷ്‌ട്ര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഭീകര ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് ഐഎസ്‌ഐ ബാഗ്ദാദിയുമായി ചേര്‍ന്ന് ഭാരതത്തിലേക്ക് ഭീകരരെ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ ശ്രമിക്കുന്നത്. ഭാരതത്തിലെ 30000 പേര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നാണ് കണക്ക്. ഇവര്‍ രാജ്യത്തിനെതിരെ ഐഎസുമായി ചേര്‍ന്ന് പോരാടന്‍ തയ്യാറാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സോഷ്യല്‍ മീഡിയ വഴിയാണ് ഐഎസ് യുവാക്കളെ ആകര്‍ഷിക്കുന്നത്. സര്‍ക്കാരിന്റെ രഹസ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 60000 ഡോളറാണ് ഭീകരഗ്രൂപ്പുകള്‍ പ്രതിഫലമായി നല്‍കുന്നത്. ഈയിടെ രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നായി 14 ഐഎസ് അനുകൂലികളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.
















