മെല്‍ബണ്‍: ഏകദിന പരമ്പരയിലെ തോല്‍വിക്ക് ട്വന്റി20 പരമ്പരയില്‍ ടീം ഇന്ത്യ കണക്കുതീര്‍ത്തു. രണ്ടാം മത്സരം 27 റണ്ണിനു ജയിച്ച് മൂന്നു മത്സര പരമ്പര ഇന്ത്യ 2-0നു സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തിലേതുപോലെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. 33 പന്തില്‍ പുറത്താകെ 59 റണ്‍സെടുത്ത വിരാട് കോഹ്‌ലിയാണ് കളിയിലെ താരം. സ്‌കോര്‍: ഇന്ത്യ – 184/3 (20), ഓസ്‌ട്രേലിയ – 157/8 (20).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്‌ക്ക് രോഹിത് ശര്‍മയും (47 പന്തില്‍ 60, അഞ്ച് ഫോര്‍, രണ്ട് സിക്‌സര്‍) ശിഖര്‍ ധവാനും (32 പന്തില്‍ 42, മൂന്ന് ഫോര്‍, രണ്ട് സിക്‌സര്‍) ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്‍കി. 97 റണ്‍സാണ് ആദ്യ വിക്കറ്റില്‍ നേടിയത്. പിന്നീട് വിരാടിന്റെ വെടിക്കെട്ട് ടീമിനെ മികച്ച സ്‌കോറിലേക്കു നയിച്ചു. ഏഴു ഫോറും ഒരു സിക്‌സറും വിരാടിന്റെ ബാറ്റില്‍നിന്ന് പിറന്നു. ധോണി 14 റണ്ണെടുത്തു.
നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ (48 പന്തില്‍ 74, എട്ട് ഫോര്‍, രണ്ട് സിക്‌സര്‍) മിന്നും പ്രകടനം കംഗാരുക്കള്‍ക്ക് ജയ പ്രതീക്ഷ നല്‍കിയെങ്കിലും, പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ നിയന്ത്രണമേറ്റെടുത്തു. മറ്റാര്‍ക്കും നായകന് പിന്തുണ നല്‍കാനുമായില്ല. ഇന്ത്യയ്‌ക്കായി രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതമെടുത്തപ്പോള്‍, അശ്വിന്‍, ഹാര്‍ദിക് പാണ്ഡ്യ, യുവരാജ് സിങ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. പരമ്പരയിലെ അവസാന മത്സരം നാളെ സിഡ്‌നിയില്‍.
















