മുംബൈ: ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് മുന്നില്‍ നാലു അജ്ഞാത പാരച്യൂട്ടുകള്‍ ദൃശ്യമായത് ആശങ്ക പരത്തി. മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന് ഉടനെയായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ വിമാനം പറന്ന് ഉയര്‍ന്നപ്പോഴാണ് സംഭവം.
എയര്‍ ഇന്ത്യ എയര്‍ ബസ് 319 എന്ന വിമാനത്തിലെ കോക്ക്പിറ്റ് സ്റ്റാഫ് അംഗങ്ങളാണ് പാരച്യൂട്ട് കണ്ടത്. ആറായിരം അടി ഉയരത്തില്‍ എത്തിയപ്പോഴാണ് പാരച്യൂട്ട് കണ്ടെത്തിയത്. മഞ്ഞ, ചുവപ്പ്, പച്ച, നീല നിറങ്ങളിലുള്ള പാരച്യൂട്ടുകളാണ് ദൃശ്യമായതെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്‌ട്രേറ്റ് ജനറല്‍ ഉത്തരവിട്ടിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് മറ്റൊരു വിമാനത്തിന് മുന്നില്‍ പാരാഗ്ലൈഡര്‍മാര്‍ വന്ന സംഭവവും ദുരൂഹമായിരുന്നു. ഇതേത്തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് മുംബൈയില്‍ പൊലീസ് പുറപ്പെടുവിച്ചിരുന്നത്.
അടുത്തിടെയായി മുംബൈയില്‍ വിമാനത്തിന് സമീപത്തായി പാരച്യൂട്ടുകള്‍ ദൃശ്യമാകുന്ന സംഭവങ്ങള്‍ കൂടി വരികയാണ്.
















