ഇടുക്കി: ജില്ലയിലെ പ്രധാന പോയിന്റുകളില്‍ പോലീസിനെ നിയോഗിക്കണമെന്ന വ്യവസ്ഥ കൃത്യമായി പാലിക്കുന്നില്ല. അതാത് സ്റ്റേഷനുകളിലെ എസ്.ഐമാരാണ് സ്റ്റേഷന്റെ പരിധിയിലെ പ്രധാന പോയിന്റുകളില്‍ പോലീസുകാരെ ഡ്യൂട്ടിക്ക് നിശ്ചയിക്കുന്നത്. എന്നാല്‍ എസ്.ഐമാര്‍ ഇതിന് ശ്രദ്ധിക്കുന്നില്ലെന്ന് ജില്ല പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പോലീസുകാരെ റോഡിലൊരിടത്തും കാണാത്ത സ്ഥിതിയുണ്ടെന്ന ആക്ഷേപം ശക്തമാണ്. അത്യാഹിതങ്ങളുണ്ടായാല്‍ പോലീസില്‍ വിവരം അറിയിച്ചാലും പോലീസുകാര്‍ കാര്യമായി ഇടപെടാറില്ല. മുട്ടത്ത് അടുത്തിടെ രണ്ട് സംഭവങ്ങളുണ്ടായപ്പോഴും പോലീസുകാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. മുട്ടത്ത് ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവ് അരമണിക്കൂറോളം റോഡില്‍ കിടന്നു. പോലീസില്‍ അറിയിച്ചെങ്കിലും ഇടപെട്ടില്ല. മുട്ടത്തുതന്നെ ബസ് ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവത്തിലും പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല. ചെറുതോണി നഗരത്തില്‍ പോലീസിനെ കണികാണാനില്ല. എസ്.ഐമാരും എഎസ്‌ഐമാരും നിരവധിയുണ്ടെങ്കിലും കൃത്യമായി ഡ്യൂട്ടി നോക്കുന്നവര്‍കുറവാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ട് നാളുകളായി.ജില്ലയിലെ സ്റ്റേഷന്‍ ഓഫീസര്‍മാരില്‍ മിക്കവരും കൈക്കൂലി വാങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ജില്ലയില്‍ തിരക്കുള്ള ഒരു സ്റ്റേഷനില്‍ ജോലി നോക്കുന്ന പുതിയ ബാച്ചിലെ എസ്.ഐ കൈക്കൂലി വീരനായാണ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥനെ വിജിലന്‍സ് വിഭാഗത്തെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.
















