എരുമേലി: ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന പതിനാറുകാരിയായ മകളെ ചൂട് വെളളം ഒഴിച്ച് പൊളളല്‍ ഏല്പിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
എരുമേലി ടൗണിന് സമീപമാണ് സംഭവം. കഴിഞ്ഞ 23ന് പെണ്‍കുട്ടി ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ തിളച്ചവെളളം മകളുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ പെണ്‍കുട്ടിയെ വീട്ടുകാര്‍ എരുമേലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. ഇന്നലെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ച് വീട്ടിലെത്തിയ മകള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി പറയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥര്‍ എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മകളുടെ അരുതാത്ത ബന്ധത്തെ എതിര്‍ത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അമ്മയും മകളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പൊളളല്‍ പൂര്‍ണ്ണമായും സുഖപ്പെടാത്ത അവസ്ഥയില്‍ ആയിരുന്നതിനാല്‍ പൊലീസ് പെണ്‍കുട്ടിയെ കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമ്മയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
















