ന്യൂദല്‍ഹി: വിയോജിപ്പുകള്‍ക്ക് പരിഹാരം സംഭാഷണമാണെങ്കിലും വെടിയുണ്ടകള്‍ ചീറിപ്പായുമ്പോള്‍ സമാധാനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനാവില്ലെന്ന് രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി. റിപ്പബ്ലിക്ദിനത്തലേന്ന് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശനയത്തെയും അയല്‍ബന്ധങ്ങളെയും പരാമര്‍ശിച്ചായിരുന്നു സര്‍വസൈന്യാധിപന്റെ നിലപാടു പ്രഖ്യാപനം.
ഭീകരവാദികള്‍ ക്രമസമാധാനം തകിടം മറിക്കാന്‍ വഴിതേടുന്നു. അതിര്‍ത്തികള്‍ ഇല്ലാതാക്കാന്‍ നിയമലംഘകര്‍ക്ക് സാധിച്ചാല്‍, കൂട്ടക്കുഴപ്പത്തിന്റെ നാളുകളിലേക്കാവും നമ്മള്‍ നീങ്ങുക. രാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടാകും. വിയോജിപ്പുകള്‍ പരിഹരിക്കാന്‍ സംഭാഷണം നല്ലതാണ്. പക്ഷെ, വെടിയുണ്ടകള്‍ ചീറിപ്പായുമ്പോള്‍ നമുക്ക് സമാധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാവില്ല, അദ്ദേഹം പറഞ്ഞു.
മാതൃഭൂമിയോടുള്ള സ്‌നേഹമാണ് എല്ലാ പുരോഗതിയുടെയും അടിസ്ഥാനം. വിദ്യാഭ്യാസം, പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കുന്നു. നമ്മുടെ അക്കാദമിക സ്ഥാപനങ്ങള്‍ ലോകോത്തരമാകണം. ഉന്നത വിദ്യാഭ്യാസ രംഗത്തെ രണ്ട് ഭാരത സ്ഥാപനങ്ങള്‍ രാജ്യാന്തര റാങ്കിന്റെ ആദ്യ ഇരുനൂറില്‍ ഇടംപിടിച്ചുകൊണ്ട് തുടക്കമിട്ടു കഴിഞ്ഞു.
ഈ വര്‍ഷം 7.3 ശതമാനം വരള്‍ച്ചാ നിരക്കോടെ ഭാരതം ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന വലിയ സാമ്പത്തിക ശക്തിയായി മാറാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. അടുത്ത പത്തോ, പതിനഞ്ചോ വര്‍ഷംകൊണ്ട് ദാരിദ്ര്യം തുടച്ചുനീക്കാവുന്ന ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ പര്യാപ്തമായ തലത്തില്‍ നാം ഭദ്രമാണ്. ടാഗോര്‍ കവിത ഉദ്ധരിച്ച് രാഷ്‌ട്രപതി ഇങ്ങനെ പറഞ്ഞു: ”മുന്നോട്ട് പോകൂ, പെരുമ്പറ മുഴക്കം നിങ്ങളുടെ വിജയ പ്രയാണത്തെ പ്രഖ്യാപിക്കുന്നു;
മഹിമയാര്‍ന്ന ചുവടുകളോടെ, നിങ്ങള്‍ക്ക് നിങ്ങളുടേതായ പാത തെളിക്കാം;
അമാന്തമരുത്, അമാന്തമരുത്, ഒരു പുതുയുഗം പുലരുന്നു.”
















