കാഞ്ഞാര്‍: ഫേസ്ബുക്കിലുടെ പരിചയപ്പെട്ട 13 വയസുകാരിയെ കാണാന്‍ തൃശൂരില്‍ നിന്നും കൗമാരക്കാരനായ വിദ്യാര്‍ത്ഥി മൂലമറ്റത്തെത്തി. കഴിഞ്ഞ കുറെക്കാലമായി പെണ്‍കുട്ടിയുമായി യുവാവ് ഫേസ്ബുക്കിലുടെ ബന്ധം സ്ഥാപിച്ചിരുന്നു. പിന്നിട് ഇത് പ്രണയമായി വളരുകയായിരുന്നു. നിരന്തരമായ നിര്‍ബന്ധം മൂലം കൗമാരക്കാരനായ യുവാവ് ഞായറാഴ്ച പകല്‍ പെണ്‍കുട്ടിയെ കാണാന്‍ ആദ്യം തൊടുപുഴയിലെത്തി. പാര്‍ക്കിലും, തൊടുപുഴ നഗരത്തിലും ചുറ്റി സഞ്ചരിച്ചതിനു ശേഷം പെണ്‍കുട്ടിയുടെ വീട്ടിലെത്തണമെന്ന് കൗമാരക്കാരന് ആഗ്രഹം. പെണ്‍കുട്ടി എതിര്‍ത്തെങ്കിലും പിന്നിട് കൗമാരക്കാരനുമൊത്ത് രഹസ്യമായി വീട്ടിലെത്തി. നിരവധിയാളുകള്‍ വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിലെത്തിയ യുവാവിനെ രാത്രി പെണ്‍കുട്ടിയുടെ പിതാവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. തുടര്‍ന്ന് തൊടുപുഴ സബ് ഡിവിഷനു കീഴിലുള്ള പോലിസ് സ്‌റ്റേഷനില്‍ കൗമാരക്കാരനെ എത്തിച്ചു. പോലിസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കൗമാരക്കാരന്‍ ഫേസ്ബുക്ക് വഴി പെണ്‍കുട്ടികളെ വലയിലാക്കുന്ന സ്വഭാവക്കാരനാണെന്നു മനസിലായി. ഇന്നലെ രാവിലെ പെണ്‍കുട്ടിയുടെ പിതാവിനെ സ്റ്റേഷനിലേയ്‌ക്ക് വിളിച്ചുവരുത്തിയെങ്കിലും അപമാനഭീതിമൂലം പിതാവ് പരാതി നല്‍കാന്‍ തയ്യാറായില്ല. പെണ്‍കുട്ടിയക്ക് പ്രായമാകുമ്പോള്‍ വിവാഹം കഴിയ്‌ക്കാം എന്ന വാഗ്ദാനം നല്‍കി കൗമാരക്കാരനും തടിതപ്പി.
















