കൊല്‍ക്കത്ത സാഹിത്യോത്സവത്തില്‍ വിഖ്യാത സാഹിത്യകാരന്‍ റസ്‌കിന്‍ ബോണ്ട് സംസാരിക്കുന്നു
കൊല്‍ക്കത്ത: ലോകത്ത് എല്ലാ കാലത്തും അസഹിഷ്ണുതയുണ്ടെന്ന് വിഖ്യാത സാഹിത്യകാരന്‍ റസ്‌കിന്‍ ബോണ്ട്. നാം ഒരാളോട് സഹിഷ്ണുതയോടെ പെരുമാറിയാല്‍, തിരികെയും അതേ മനോഭാവം തന്നെയാകും. അസഹിഷ്ണുതയോടെയാണ് പെരുമാറ്റമെങ്കില്‍ അതു തന്നെ തിരികെ ലഭിക്കും. സഹിഷ്ണുത വളര്‍ത്തിയാല്‍ സഹിഷ്ണുതയും, അസഹിഷ്ണുതയെങ്കില്‍ അസഹിഷ്ണുതയും ലഭിക്കും- ബോണ്ട് പറഞ്ഞു. കൊല്‍ക്കത്ത സാഹിത്യോത്സവത്തില്‍ സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു റസ്‌കിന്‍ ബോണ്ട്.
അവാര്‍ഡ് തിരിച്ചു നല്‍കുന്ന ഒരു വിഭാഗം സാഹിത്യകാരന്മാരോട് യോജിക്കാന്‍ ബോണ്ട് തയാറായില്ല. സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ നല്‍കില്ലെന്നും ചോദ്യത്തിനു മറുപടിയായി ബോണ്ട് പറഞ്ഞു. ബ്രിട്ടീഷ് വംശജനായ ഇന്ത്യന്‍ എഴുത്തുകാരനാണ് റസ്‌കിന്‍ ബോണ്ട്. 81 വയസുള്ള ഇദ്ദേഹം മസൂറിയിലാണ് ഇപ്പോള്‍ വസിക്കുന്നത്. ഇംഗ്ലീഷിലാണ് ഇദ്ദേഹത്തിന്റെ രചനകള്‍. 1992ല്‍ സാഹിത്യ അക്കാദമി അവാര്‍ഡും, 1999ല്‍ പദ്മശ്രീയും, 2014ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ബോണ്ടിനെ ആദരിച്ചു.
















