മനാമ: അത്യപൂര്‍വമായ സംഭവം. ബഹ്‌റിന്‍ വിദേശകാര്യമന്ത്രി ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫാ ബഹ്‌റിന്‍ തലസ്ഥാനമായ മനാമയിലെ ഹിന്ദു ക്ഷേത്രം സന്ദര്‍ശിച്ചു.
ഭാരതീയര്‍ ഏറെ താമസിക്കുന്ന ഇവിടത്തെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഭാരത വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ഭാരത മന്ത്രിയോടുള്ള ആദര സൂചകമായി ഖാലിദ് ബിനും ഒപ്പം കൂടുകയായിരുന്നു. ഇതാദ്യമായാണ് രാജ്യത്ത് ഇങ്ങനെയൊരു സംഭവം.
സുഷമാ സ്വരാജിന്റെയും ഭാരത സംഘത്തിന്റെയും സന്ദര്‍ശനം ആഘോഷിക്കാന്‍ ഭാരതത്തിന്റെ ചെറുപതിപ്പായ പ്രദേശം നേരത്തേ ഒരുങ്ങിയിരുന്നു. പഞ്ചാബി പാട്ടുകളും മേളങ്ങളുമായി അവര്‍ ഒരുങ്ങിയിരിക്കവേയാണ് അപ്രതീക്ഷിതമായി ഖാലിന് ബിനും സംഘവും എത്തിയത്.
രണ്ടുനേതാക്കളും 20 മിനിട്ടിലേറെ ക്ഷേത്രത്തില്‍ തങ്ങി. ഇതൊരു അപൂര്‍വ സന്ദര്‍ഭമായെന്നും ഞങ്ങള്‍ ബഹുമാനിതരായെന്നും ഇരു രാജ്യങ്ങളുംതമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാകാന്‍ ഇതു സഹായകമാകുമെന്നും ക്ഷേത്രം സെക്രട്ടറി മഹേഷ് ഭാട്ടിയ പറഞ്ഞു.
















