മനാമ: ഭീകരതക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഭാരതവും ബഹ്‌റിനും തമ്മില്‍ ധാരണ. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ വ്യാപാര കരാറുകളിലും ഒപ്പുവെച്ചു. ബഹറിന്‍ സന്ദര്‍ശിക്കുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ബഹ്‌റിന്‍ വിദേശകാര്യമന്ത്രി ഖാലിദ് ബിന്‍ അഹമ്മദ് ഖാലിഫയും തമ്മിലാണ് ധാരണകളില്‍ ഒപ്പ്‌വെച്ചത്. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചക്കുശേഷം കുറ്റവാളികളെ കൈമാറുന്ന കരാറിലും ഒപ്പ്‌വെച്ചു. ഇരട്ടനികുതി ഒഴിവാക്കുന്നത് സംബന്ധിച്ചും പ്രതിരോധ സഹകരണത്തിനും ധാരണയായി.
ബഹ്‌റിന്‍ ഇന്റര്‍നാഷണല്‍ എയര്‍ ഷോയിലും സുഷമ പങ്കെടുത്തു. ഹമാദ് ബിന്‍ ഇസ അല്‍ ഖാലിഫ രാജാവും ഇരുവിദേശകാര്യമന്ത്രിമാരും ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ധ്രുവ് ഹെലികോപ്ടറിന്റെയും തേജസ് ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റിന്റെയും പ്രകടനങ്ങള്‍ വീക്ഷിച്ചു. ഭാരത പവലിയന്‍ സന്ദര്‍ശിച്ച സുഷമക്ക് ശാസ്ത്രജ്ഞന്‍മാര്‍ തേജസിനെക്കുറിച്ച് വിശദീകരിച്ചു. തേജസിന്റെ പ്രകടനം ചരിത്രമാണെന്നും അവര്‍ പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ പങ്കാളിയാവാനായി ഭാരതം ബഹ്‌റിനെ ക്ഷണിക്കുകയും ചെയ്തു.
















