തലശ്ശേരി: ലാവ്‌ലിന്‍ കേസിലെ സത്യാവസ്ഥ അറിയാന്‍ ജനത്തിന് അവകാശവും അര്‍ഹതയുമുണ്ടെന്നും എന്നാല്‍ ഈ കേസ് ഇപ്പോള്‍ കുത്തിപ്പൊക്കിയതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം സിപിഎമ്മിനകത്തെ ചില നേതാക്കളുടെ കള്ളക്കളിയും നടന്നിട്ടുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു. ഇന്നലെ കാലത്ത് തലശ്ശേരിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പും വെട്ടിപ്പും കണ്ടെത്താന്‍ നടത്തുന്ന അന്വേഷണത്തോട് സഹകരിക്കേണ്ടവര്‍ അതിന് തയ്യാറാവാതെ മുഖം തിരിച്ച് നടക്കുന്നത് ശരിയല്ല. കുറ്റകൃത്യം കുറ്റകൃത്യം തന്നെയാണ്. അതിന് രാഷ്‌ട്രീയവും ജാതിയും മതവുമില്ല.
കതിരൂര്‍ മനോജിന്റെ വധക്കേസ് അന്വേഷിച്ച കേരള പോലീസ് നടപടി നിഷ്പക്ഷമാവാതിരുന്നതിനാലാണ് സിബിഐയെ ഏല്‍പ്പിച്ചത്. ഈ കേസില്‍ സിബിഐ അന്വേഷണത്തെ കുറ്റം പറയുന്ന സിപിഎം മറ്റ് 13 കേസുകളില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന കാര്യം സൗകര്യപൂര്‍വ്വം മറച്ചുവെക്കുകയാണ്. ഇക്കാര്യത്തില്‍ വിഎസ് അച്ചുതാനന്ദന് എന്താണ് പറയാനുള്ളതെന്നറിയാന്‍ ജനത്തിന് താല്‍പ്പര്യമുണ്ട്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലും തുടരന്വേഷണം നടത്തണമെന്നും അത് സിബിഐയെ ഏല്‍പ്പിക്കുന്നതാണ് ഉചിതമെന്നും കുമ്മനം അഭിപ്രായപ്പെട്ടു. സിബിഐയെ വിരട്ടാന്‍ നോക്കുന്നതൊന്നും ശരിയല്ല. കുറ്റവാളികള്‍ ആരായാലും നിയമത്തിന് മുന്നിലെത്തുകതന്ന വേണം. രാഷ്‌ട്രീയത്തെ ക്രിമിനല്‍വരിക്കുന്നതും ക്രിമിനലുകളെ രാഷ്‌ട്രീയവല്‍ക്കരിക്കുന്നതും തെറ്റാണ്. ക്രിമിനല്‍ രാഷ്‌ട്രീയത്തിന്റെ കാലം കഴിഞ്ഞു. ഇനി മൂല്യാധിഷ്ഠിത രാഷ്‌ട്രീയമാണ് വേണ്ടത്.
കേന്ദ്രസര്‍ക്കാര്‍ കേരളത്തെ കരകയറ്റാനാണ് ശ്രമിക്കുന്നത്. എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും കിടന്നുറങ്ങാന്‍ ഒരിടവും ഉണ്ടാകണം. അതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ നിയമത്തില്‍ കേരളത്തിന് പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി കേരള സര്‍ക്കാര്‍ തയ്യാറാക്കുന്ന പദ്ധതിക്കാവശ്യമായ ചെലവിന്റെ 50 ശതമാനം കേന്ദ്രം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ്. അടച്ചുപൂട്ടേണ്ട സ്ഥിതിയിലായ എഫ്എസിടിയെ രക്ഷപ്പെടുത്താനായി 1000 കോടി രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. 1 ലക്ഷത്തോളം റബ്ബര്‍ കര്‍ഷകരാണ് റബ്ബര്‍ വിലയിടിവ് കൊണ്ട് വിഷമിക്കുന്നത്. അവര്‍ക്ക് അല്‍പ്പം ഒരാശ്വാസം എന്ന നിലയിലാണ് മാര്‍ച്ച് 31 വരെ ഇറക്കുമതി നിരോധിച്ചത്. നിരോധനം മാര്‍ച്ച് 31 ന് ശേഷവും തുടരണമെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ജോസ് കെ മാണി നിരാഹാരം കിടന്നുതുകൊണ്ടാണോ ഇറക്കുമതി നിരോധിച്ചതെന്ന ചോദ്യത്തിന് കോഴി കൂവുന്നത് കൊണ്ടാണ് സൂര്യന്‍ ഉദിക്കുന്നതെന്ന് പറയാനോ വിശ്വസിക്കാനോ സാധിക്കുമോ എന്ന് കുമ്മനം തിരിച്ചു ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ പല പാക്കേജുകളും ആശ്വാസ നടപടികളും സ്വീകരിക്കുമ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒത്തുകളി രാഷ്‌ട്രീയമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി നേതാക്കളായ അഡ്വ.വി.രത്‌നാകരന്‍, പി.സത്യപ്രകാശ്, കെ.രഞ്ചിത്ത്, എന്‍.ഹരിദാസ് എന്നിവരും സംബന്ധിച്ചു.
















