പാനൂര്‍: കതിരൂര്‍ മനോജ് വധത്തില്‍ പി.ജയരാജന്‍ ജാമ്യത്തിനായി വീണ്ടും കോടതിയില്‍. കേസില്‍ പ്രതിയായ പി.ജയരാജനു വേണ്ടി അഡ്വ:കെ.വിശ്വന്‍ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഹരജി ഇന്നു പരിഗണിക്കും. കേസിലെ ഒന്നാംപ്രതിയായ വിക്രമന്‍ തന്റെ മുന്‍െ്രെഡവറല്ലെന്നും അയാള്‍ക്കു ലൈസന്‍സ് വരെയില്ലായെന്നും അയാളെ ചേര്‍ത്താണ് ഞാന്‍ കേസില്‍ ഗൂഡാലോചന നടത്തിയെന്ന് സിബിഐ ആരോപിക്കുന്നതെന്നു ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജാമ്യം ലഭിക്കാതിരിക്കാന്‍ യുഎപിഎ ചേര്‍ത്തത് രാഷ്‌ട്രീയ പ്രേരിതമാണ്.ആര്‍എസ്എസ് ഗൂഡാലോചന നടപ്പിലാക്കുകയാണ് സിബിഐ ചെയ്യുന്നതെന്നും ജാമ്യഹര്‍ജിയില്‍ പി.ജയരാജന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കിടന്നിരിക്കുകയാണ് പി.ജയരാജന്‍. ജാമ്യം ഇന്നു കോടതി പരിഗണിച്ചു തുടര്‍ വാദത്തിനായി മാറ്റിവെയ്‌ക്കാനാണ് സാധ്യത. കേസിന്റെ രണ്ടാമത്തെ കുറ്റപത്രം തയ്യാറാക്കാനുളള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പി.ജയരാജനുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ രംഗത്തിറക്കാനാണ് സിപിഎം നേതൃത്വം ആലോചിക്കുന്നത്. ഫസല്‍ വധത്തില്‍ നാടുകടത്തപ്പെട്ട കാരായിമാരുടെ അനുഭവമാണ് നല്ല അഭിഭാഷകരെ നിറുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുക്കാന്‍ കാരണമായത്.
















