സംഗീത് രവീന്ദ്രന്‍
ഇടുക്കി: ഒരു വര്‍ഷം മുന്‍പ് മൂന്നാറിലെ ഒരു ബാറില്‍ നിന്നും ഡ്രൈഡേയില്‍ വിദേശ മദ്യം പിടിച്ച കേസിലെ തൊണ്ടി മുതല്‍ തിരിമറി നടത്തിയ സംഭവത്തില്‍ മൂന്നാര്‍ പോലീസ് വിവാദക്കുരുക്കില്‍. 750 മില്ലയുടെ മദ്യമാണ് അന്ന് പോലീസ് പിടികൂടിയത്. മൂന്നാറിലെ ഉന്നതനായ ഒരു പോലീസുകാരന്‍ കോഴവാങ്ങി ഈ കേസ് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥരിടപെട്ട് കേസെടുപ്പിച്ചു. ഈ സംഭവത്തില്‍ കുറ്റപത്രം തയ്യാറാക്കിയപ്പോള്‍ 750 മില്ലി മദ്യം പിടിച്ചെന്ന് മഹസറില്‍ രേഖപ്പെടുത്തി. എന്നാല്‍ തൊണ്ടി മുതലായി കോടതിയില്‍ ഹാജരാക്കിയത് ഒരു ലിറ്ററിന്റെ മദ്യക്കുപ്പിയാണ്. ഇത്തരത്തില്‍ ദേവികുളം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ കോടതി കുറ്റ പത്രം മടക്കി അയച്ചു. ബാര്‍ ഉടമയെ രക്ഷിക്കാന്‍ മൂന്നാര്‍ പോലീസ് നടത്തിയ കോഴക്കളിയായിരുന്നു ഇത്തരത്തിലുള്ള കുറ്റപത്രമെന്ന് ഇടുക്കി എസ്.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് ബോധ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നാഴ്ച മുന്‍പ് മൂന്നാര്‍ എസിപിയെ നിയോഗിച്ചു. എഎസ്പി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടില്‍ തൊണ്ടി മുതലില്‍ തിരിമറി നടത്തിയ സംഭവത്തിന് പിന്നില്‍ ഏത് പോലീസ് ഉദ്യോഗസ്ഥനാണ് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. വീണ്ടും റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല പോലീസ് മേധാവി എസിപിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ മൂന്നാര്‍ എസ്.ഐയാണ് തന്റേതല്ലാത്ത കുറ്റത്തില്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. മൂന്നാറിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് കുറ്റക്കാരനാകേണ്ടതെന്ന് പോലീസിലെ ഒരു വിഭാഗം പറയുന്നു.
















