മെദബാദ്: ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ പ്രചാരണ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് അമീര്‍ ഖാനെ നീക്കിയ നടപടിയെ ന്യായീകരിച്ച് കേന്ദ്ര വ്യാവസായിക നയരൂപീകരണ, പ്രചാരണ സെക്രട്ടറി അമിതാഭ് കാന്ത്. അസഹിഷ്ണുതയെക്കുറിച്ചുള്ള അമീര്‍ ഖാന്റെ പ്രസ്താവന രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ പിന്നണി പ്രവര്‍ത്തകരിലൊരാള്‍ കൂടിയായ അമിതാഭ് കാന്ത് പറഞ്ഞു.
ബ്രാന്‍ഡ് അംബാസഡറുടെ ദൗത്യം ആ ഉത്പന്നം പ്രചരിപ്പിക്കുകയാണ്. അതിനെ തകര്‍ക്കലല്ലെന്ന് അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടി. ഭാരതം അത്ഭുതങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഭൂമിയാണെന്ന് ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ ബ്രാന്‍ഡ് അംബാസഡര്‍ പ്രചരിപ്പിക്കുമ്പോള്‍ വിനോദസഞ്ചാരികളടക്കം രാജ്യത്തെത്തും. എന്നാല്‍, ഇവിടെ അസഹിഷ്ണുതയാണെന്ന് അദ്ദേഹം തന്നെ പറയുന്നു. അമീറിനെ കേള്‍ക്കുന്നവര്‍ ഭാരതത്തിലേക്ക് വരില്ല.
ബ്രാന്‍ഡ് അംബാസഡര്‍ ഉത്പന്നത്തെ നശിപ്പിക്കുകയല്ല, വളര്‍ത്തുകയാണ് വേണ്ടത്. അതുകൊണ്ട് അദ്ദേഹത്തെ നീക്കിയത് ശരിയായ നടപടിയെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിന്റെ ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അമിതാഭ് കാന്ത് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ’ പദ്ധതിയെയും അമിതാഭ് കാന്ത് പ്രകീര്‍ത്തിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നും അദ്ദേഹം.
















