ന്യൂദല്‍ഹി: ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍മുറിയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുല എന്ന വിദ്യാര്‍ത്ഥി ദളിത് വിഭാഗത്തില്‍ പെട്ടയാളല്ലായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. വദ്ദര എന്ന ഒബിസി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥിയായിരുന്നു രോഹിത്. അതേസമയം രോഹിതും കൂട്ടരും ചേര്‍ന്ന് മര്‍ദ്ദിച്ച സുശീല്‍കുമാറും ഒബിസി വിഭാഗത്തില്‍ പെട്ടയാളായിരുന്നു.
കാവിനിറം എവിടെ കണ്ടാലും താനത് വലിച്ചു കീറിക്കളയും എന്നതുള്‍പ്പെടെ പ്രകോപനപരമായി രോഹിത് നടത്തിയ ചില സംഭാഷണങ്ങളുടെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിട്ടുണ്ട്.
അക്രമവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിയുടെ ഭാഗമായി ക്യാമ്പസില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥി രോഹിതിന്റെ മരണത്തെ രാഷ്‌ട്രീയ മുതലെടുപ്പുകള്‍ക്ക് ഉപയോഗിക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടേയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ശ്രമങ്ങള്‍ക്കെതിരെ ബിജെപി ദേശീയ നേതൃത്വം രംഗത്തെത്തി.
ഹൈദരാബാദ് സര്‍വ്വകലാശാലയിലെത്തിയ രാഹുല്‍ ഗാന്ധി വിഷയത്തെ മോശമായ രീതിയിലാണ് കൈകാര്യം ചെയ്തതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു കുറ്റപ്പെടുത്തി. ഡോ. അംബേദ്ക്കറെ ജീവിതകാലം മുഴുവന്‍ ഒറ്റപ്പെടുത്തിയ കോണ്‍ഗ്രസ് ഇപ്പോള്‍ ദളിത് പ്രേമവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും മുരളീധരറാവു കുറ്റപ്പെടുത്തി. ദളിത സമൂഹവുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയമാണിത്. ചിലര്‍ രാഷ്‌ട്രീയ നേട്ടത്തിന് സംഭവത്തെ ഉപയോഗിക്കുകയാണ്.
കോടതിയുടെ കൂടി നിര്‍ദ്ദേശ പ്രകാരമാണ് രോഹിതിനെതിരെ സര്‍വ്വകലാശാല അച്ചടക്കനടപടി സ്വീകരിച്ചത്. എന്നാല്‍ ചില ഇളവുകള്‍ നല്‍കിയ സര്‍വ്വകലാശാല ഹോസ്റ്റലിലൊഴികെ മറ്റെല്ലായിടത്തും പ്രവേശിക്കാന്‍ രോഹിതിന് അനുമതിയും നല്‍കിയിരുന്നു, മുരളീധരറാവു വ്യക്തമാക്കി.
















