ചെന്നൈ: സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ ജനങ്ങളിലെത്തിയ്‌ക്കാന്‍ ലക്ഷ്യമിട്ട് തമിഴ്‌നാട്ടില്‍ ‘അമ്മ’കോള്‍ സെന്ററുകള്‍ ആരംഭിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മുഖ്യമന്ത്രി ജയലളിത ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളെ പറ്റിയുള്ള പരാതികള്‍ക്ക് 24 മണിക്കൂറും മറുപടി ലഭ്യമാക്കുന്ന തരത്തിലാവും അമ്മ കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുക.
തമിഴ്‌നാട്ടില്‍ അങ്ങോളമിങ്ങോളം ജയലളിതയുടെ അണികള്‍ അവരെ അമ്മ എന്ന് അഭിസംബോധന ചെയ്യുന്നതിനാലാണ് ഇതേ പേരില്‍ തന്നെ കോള്‍ സെന്ററും പ്രവര്‍ത്തനം ആരംഭിച്ചത്. കോള്‍ സെന്റര്‍ സേവനത്തിന്റെ തൊട്ടുമുന്‍പായി അമ്മ മിനറല്‍ വാട്ടറും അമ്മ കാന്റീനും തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
പരാതികള്‍ അറിയിയ്‌ക്കാനായി 1100 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് ബന്ധപ്പെടേണ്ടത്. 24 മണിക്കൂറും കോള്‍ സെന്റര്‍ പ്രവര്‍ത്തിയ്‌ക്കും. മുഖ്യമന്ത്രിയുടെ പ്രത്യേക സെല്ലും നിലവില്‍ പരാതികള്‍ സ്വീകരിയ്‌ക്കുന്നുണ്ട്.
പരാതികള്‍ ബന്ധപ്പെട്ട വകുപ്പിന് അയച്ചുകൊടുക്കുകയും പരാതിയിലുള്ള തുടര്‍നടപടികളും പുരോഗതിയും സംബന്ധിച്ച് എസ്.എം.എസിലൂടെ അറിയിയ്‌ക്കും. ഒരു ദിവസം 15,000 പരാതികള്‍ വരെ സ്വീകരിയ്‌ക്കാനാവുമെന്നാണ് കരുതുന്നത്. 138 ഓപ്പറേറ്റര്‍മാരെയാണ് ആദ്യഘട്ടത്തില്‍ നിയമിയ്‌ക്കുക.
















