ഹൈദരാബാദ്: രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിച്ച എട്ട് വയസുകാരിയ്‌ക്ക് ധീരതയ്‌ക്കുള്ള ഗീത ചോപ്ര പുരസ്‌കാരം. തെലങ്കാന സ്വദേശി ശിവംപേട്ട് രുചിത എന്ന പെണ്‍കുട്ടിക്കാണ് പുരസ്‌കാരം ലഭിച്ചത്.
2014 ജൂലൈ 24നു രാവിലെ രുചിതയും അനുജത്തിയും കൂട്ടുകാര്‍ക്കൊപ്പം സ്‌കൂള്‍ബസില്‍ പോകുമ്പോള്‍ ലവല്‍ക്രോസില്‍വച്ച് ബസ് കേടായി. സ്റ്റാര്‍ട്ട് ചെയ്യുംമുന്‍പ് ട്രെയിന്‍ പാഞ്ഞുവന്നു. രുചിതയും മറ്റു കൂട്ടുകാരും ഡ്രൈവര്‍ക്കു മുന്നറിയിപ്പു കൊടുത്തെങ്കിലും ഫലമുണ്ടായില്ല. രുചിത ഉടന്‍ പുറത്തിറങ്ങി രണ്ടു സുഹൃത്തുക്കളെ ബസിന്റെ ജനാലവഴി പുറത്തേക്കു വലിച്ചിട്ടു. സ്വന്തം സഹോദരിയെ രക്ഷിക്കുംമുന്‍പ് ട്രെയിന്‍ ബസില്‍ ഇടിച്ചു. ആകെ 36 കുട്ടികളാണു ബസിലുണ്ടായിരുന്നത്. രുചിതയുടെ അനുജത്തി ഉള്‍പ്പെടെ 18 പേര്‍ ദുരന്തത്തില്‍ മരിച്ചിരുന്നു.
സഹോദരിയുടെ മരണം മനസ്സില്‍ നൊമ്പരമായി ശേഷിക്കുമ്പോഴും, രണ്ടു പേരുടെ ജീവന്‍ രക്ഷിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് പുരസ്‌കാരം വാങ്ങാന്‍ കൊച്ചുരുചിത ദല്‍ഹിയില്‍ എത്തിയത്. 40,000 രൂപയും മെഡലും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. റിപ്പബ്ലിക് ദിന ചടങ്ങില്‍ വച്ച് രുചിത പുരസ്‌കാരം ഏറ്റുവാങ്ങും. ഈ വര്‍ഷം 25 പേര്‍ക്കാണ് ധീരതാ പുരസ്‌കാരം. പുരസ്‌കാരം പിന്നീട് പ്രധാനമന്ത്രി സമ്മാനിയ്‌ക്കും. വലുതാകുമ്പോള്‍ പഠിച്ച് വക്കീലാവാനാണ് കൊച്ചുമിടുക്കിയുടെ ആഗ്രഹം.
















