കരുനാഗപ്പള്ളി: മത്സ്യത്തിന് ദേവത രൂപസങ്കല്പ്പം നല്കി മൂക്കുംപുഴ മീനൂട്ടിന് ഭക്തസാഗരം അകമ്പടിയായി. പണ്ടാരത്തുരുത്ത് മൂക്കുംപുഴ ഭഗവതി ക്ഷേത്രത്തില്‍ മകരഭരണി മഹോത്സവത്തിന്റെ ഭാഗമായാണ് മീനൂട്ട്കര്മ്മം നടന്നത്. സമുദ്ര തീരത്തെ യജ്ഞശാലയില്‍ നടന്ന മീനൂട്ട് കര്മ്മത്തിന് ആറ്റുകാല്‍ ക്ഷേത്രം മേല്‍ശാന്തി അരുണ്നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
യജ്ഞശാലയില്‍ മന്ത്രപൂജാദി കര്‍മ്മങ്ങളോടെ തയ്യാറാക്കിയ യജ്ഞനിവേദ്യങ്ങള് താന്ത്രികശാസ്ത്രവിധി പ്രകാരം വരുണദേവനെ പ്രീതിപ്പെടുത്തുകയും സമുദ്രമത്സ്യങ്ങളെ ദേവതസങ്കല്പ്പത്തില് ഊട്ടുകയും ചെയ്യുന്ന ചടങ്ങാണ് മീനൂട്ട്.
12 മണിയോടെ മേല്‍ശാന്തി സന്തോഷിന്റെയും ക്ഷേത്രഭരണസമിതി പ്രസിഡന്റ് പി.പങ്കജനും മറ്റ് ഭാരവാഹികളും താളമേളങ്ങളുടെ അകമ്പടിയോടെ കടലിലേക്ക് ഇറങ്ങി നിവേദ്യം സമര്‍പ്പിച്ചതോടെ മൂക്കുംപുഴ മീനൂട്ടിന് തുടക്കമായി. മീനൂട്ടിന് ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിപ്പ് നടന്നു. വൈകുന്നേരം അശ്വതി ദീപാക്കാഴ്ചയും സേവയും നടന്നു. ഇന്ന് രാവിലെ ഒമ്പതിന് പ്രശസ്തമായ മൂക്കുംപുഴ പൊങ്കാല നടക്കും. പൊങ്കാല അര്‍പ്പിക്കുവാന്‍ നാടിന്റെ വിവിധ ഭാഗത്ത് നിന്ന് ആയിരങ്ങളാണ് എത്തിച്ചേരുന്നത്. രാത്രി പത്തിന് നടക്കുന്ന തിരുആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: