മറയൂര്‍: ഉത്സവ സീസണില്‍ യാത്രക്കാരെ കൊള്ളയടിച്ച് ടാക്‌സി സര്‍വ്വീസ്. പൊങ്കല്‍ അവധിക്ക് ശേഷം തമിഴ്‌നാടിന് മടങ്ങുന്ന വിദ്യാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയുമാണ് അമിത നിരക്ക് ഈടാക്കി ടാക്‌സിക്കാര്‍ പിഴിയുന്നത്. ആവശ്യത്തിന് ബസ് സര്‍വ്വീസ് ഇല്ലാത്തതും ഇവര്‍ക്ക് സഹായമാവുകയാണ്. നൂറ് കണക്കിന് ആളുകളാണ് ഇന്നലെ പൊങ്കല്‍ അവധിക്ക് ശേഷം തമിഴ്‌നാട്ടിലേക്ക് മടങ്ങുന്നതിനായി മറയൂര്‍ ടൗണില്‍ എത്തിയത്. കെഎസ്ആര്‍ടിസി ആണ് കൂടുതല്‍ സര്‍വ്വീസ് നടത്തുന്നതെങ്കിലും ഇത് പാതിപോലും എത്തുന്നില്ല. ഈ സാഹചര്യത്തിലാണ് ബസിന്റെ നാലിരട്ടി പണം ഈടാക്കി ജീപ്പ് പോലുള്ള സര്‍വ്വീസുകള്‍ നടക്കുന്നത്. ബസിന് 23 രൂപ ഈടാക്കുന്നിടത്ത് ഓട്ടോകൂലി 50 ഉം ജീപ്പിന് 100 ഉം വീതമാണ് നിരക്ക്. അമിത നിരക്ക് ഈടാക്കുന്നതിനൊപ്പം ആളുകളെ കുത്തിനിറച്ചുമാണ് ഇത്തരം സര്‍വ്വീസുകള്‍.
















