ന്യൂദല്‍ഹി: കിഴക്ക് പടിഞ്ഞാറന്‍ ദല്‍ഹിയിലെ ദ്വാരക സെക്ടറിലെ പാര്‍ക്കില്‍ വച്ച് കാമുകിയെ വെടിവെച്ച് കൊന്ന എസ്.ഐ ആത്മഹത്യയ്ക്ക് ശ്രമിച്ചു. റാനഹൊളാ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിജേന്ദ്ര ബിശ്ണോയി(33)യാണ് കാമുകി നികിത(28)യെ വെടിവച്ച് കൊന്നത്. വിവാഹിതനായ ഇയാള്‍ ഭര്‍ത്താവുമായി വേര്‍പ്പെട്ട് താമസിക്കുന്ന നികിതയുമായി മൂന്നുവര്‍ഷമായി അടുപ്പത്തിലായിരുന്നു.
ഇന്ന് രാവിലെ 9.45ഓടെയായിരുന്നു സംഭവം. ബിശ്ണോയി പറഞ്ഞതനുസരിച്ച് പാര്‍ക്കിലെത്തിയതാണ് നികിത. സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ബിശ്ണോയി നികിതയെ നെഞ്ചിലും വയറിലും വെടിവയ്ക്കുകയായിരുന്നു. ആളുകള്‍ ഓടികൂടിയപ്പോള്‍ ഇയാള്‍ സ്വയം വെടിവച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത് .
അപ്പോഴേക്കും നികിത മരിച്ചിരുന്നു. നെഞ്ചിലും വയറിലും ഗുരുതരമായി പരിക്കേറ്റ എസ്.ഐയെ എ.ഐ.ഐ.എം.എസിലെ ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവുമായി ബന്ധപ്പെട്ട് ബിശ്ണോയിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുമെന്നും ഇയാള്‍ക്കെതിരെ രാജസ്ഥാനിലുള്ള ഭാര്യ ഗാര്‍ഹികപീഡനത്തിന് കേസ് കൊടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: