എം.എസ്.ജയചന്ദ്രന്
ശാസ്താംകോട്ട: ദാരിദ്ര്യരേഖക്ക് താഴെയുള്ള രോഗികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യമരുന്ന് വിതരണസംവിധാനത്തിന്റെ ഭാഗമായി അനുവദിച്ച ലക്ഷക്കണക്കിന് രൂപ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കൈക്കലാക്കിയതായി പരാതി.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സപ്ലൈക്കോയുടെ മെഡിക്കല്‍ സ്റ്റോറിന് അനുവദിച്ച നാലേകാല്‍ ലക്ഷം രൂപയാണ് കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കൈവശപ്പെടുത്തിയതായി പരാതി ഉയര്‍ന്നത്. ഇതേതുടര്‍ന്ന് ശാസ്താംകോട്ട സപ്ലൈകോ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും നിര്‍ധനരായ രോഗികള്‍ക്കുള്ള മരുന്ന് വിതരണം നിലച്ചിരിക്കുകയാണ്.
വാജ്പേയ് സര്‍ക്കാരിന്റെ കാലത്താണ് ആര്‍എസ്ബിവൈ പദ്ധതി പ്രകാരം നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്ന പദ്ധതി തുടങ്ങിയത്. ഭാരതത്തിലൊട്ടാകെ ഈ പദ്ധതി ഇപ്പോള്‍ നടപ്പിലാക്കുന്നുണ്ട്. കൊല്ലം ജില്ലാ ആശുപത്രി കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും ഈ പദ്ധതി പ്രകാരം രോഗികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കിവരുന്നുണ്ട്. കേന്ദ്രപദ്ധതിയായ ഇതിന്റെ നടത്തിപ്പ് ചുമതല(നോഡല്‍ ഏജന്‍സി) റിലയന്‍സിനാണ്.
സര്‍ക്കാരാശുപത്രിയില്‍ നിന്നും രോഗികള്‍ക്ക് ഡോക്ടര്‍ നല്കുന്ന മരുന്ന് കുറിപ്പടിയുമായി സപ്ലൈകോ മെഡിക്കല്‍ സ്റ്റോറില്‍നിന്നും മരുന്നുവാങ്ങുന്നു. ഈ കുറിപ്പടി വാങ്ങിസൂക്ഷിക്കുന്ന സപ്ലൈക്കോ അധികൃതര്‍ ആശുപത്രി സൂപ്രണ്ടിന് ഇത് മൊത്തമായി കൈമാറും. തുടര്‍ന്ന് സൂപ്രണ്ട് ഇത് റിലയന്‍സ് വിങ്ങിന് അയക്കും. ബില്ല് പ്രകാരമുള്ള തുക ആശുപത്രി സൂപ്രണ്ട് വഴി സപ്ലൈകോക്ക് ലഭിക്കും. ഇതാണ് രീതി.
ഇതുപ്രകാരം കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിലെ അവസാന മൂന്നുമാസത്തെ ബില്ല് അയച്ചപ്രകാരം ലഭിച്ച നാലേകാല്‍ ലക്ഷം രൂപയാണ് അന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ കൈക്കലാക്കിയത്. ആശുപത്രി സൂപ്രണ്ടിന്റെ അറിവോടെയാണ് ഇത് നടന്നിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. തുക ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും സൗജന്യമരുന്ന് വിതരണം നിര്‍ത്തി. 2012 ജൂണ്‍ മാസം വരെ പദ്ധതിപ്രകാരം സൗജന്യമായി മരുന്ന് വിതരണ ചെയ്തിരുന്നതായി സപ്ലൈകോ പറയുന്നു. കുടിശിക തുകയായ നാലേകാല്‍ ലക്ഷം രൂപ ലഭിക്കാതിരുന്നതിനാല്‍ പിന്നീട് ഈ പദ്ധതി നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് സപ്ലൈകോ അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ ഈ തുക മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതാണെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. എന്നാണ് വിനിയോഗിച്ചതെന്ന് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതരോട് ആരായണമെന്ന് അവ്യക്തമായ മറുപടി പറഞ്ഞ് ആശുപത്രി സൂപ്രണ്ട് കയ്യൊഴിയുകയാണ്. പട്ടികജാതിവിഭാഗക്കാര്‍ അടക്കം ദാരിദ്ര്യരേഖക്ക് താഴെയുള്ള ഭൂരിഭാഗം ജനങ്ങള്‍ താമസിക്കുന്ന കുന്നത്തൂരില്‍ ഈ വിഭാഗത്തില്‍പെട്ട രോഗികളുടെ ഏകആശ്രയം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയാണ്. സപ്ലൈക്കോയുടെ സൗജന്യമരുന്നുവിതരണം നിലച്ചതോടെ നിരാലംബരായ നൂറുകണക്കിന് രോഗികള്‍ ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണിവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: