മാലൂര്‍: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഒന്നാം സമ്മാനം നേടിയ മാലൂര്‍ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ജീവനുള്ള മണ്ണ് മാതൃക ശ്രദ്ധേയമാകുന്നു. ഈ മണ്ണിന്റെ് മാതൃക ഉപയോഗിച്ച് കൂടുതല്‍ കൃഷി ചെയ്യാനുള്ള ശ്രമത്തിലാണ് സ്‌കൂളിലെ കുട്ടികളും അധ്യാപകരും. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഫാമുകളില്‍ പച്ചക്കറി കൃഷിക്ക് മണ്ണെടുക്കുമ്പോള്‍ കുട്ടികളുടെ പ്രോജക്ട് പ്രാവര്‍ത്തികമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മാലൂര്‍ യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനികളായ വി.വി.ഷാനിമയും പി.അനഘയുമാണ് ശാസ്ത്ര അധ്യാപകനായ സജീവന്റെ പിന്തുണയോടെ ഈ മണ്ണ് മാതൃക വികസിപ്പിച്ചെടുത്തത്. 120 ദിവസത്തെ പരീക്ഷണങ്ങളും നിരീക്ഷണവുമാണ് ഇതിനായി നടത്തിയതെന്ന് കുട്ടികള്‍ പറയുന്നു.
തരിശായി കിടക്കുന്ന ഒരു സ്ഥലത്ത് 3 ഇഞ്ച് കനത്തിലും 3 അടി വീതിയിലും പച്ചിലകള്‍ കൂട്ടിയിട്ട് അതിനു മുകളിലായി കാല്‍ ഇഞ്ച് കനത്തില്‍ മണ്ണ് വിരിക്കുക. അതിനു മുകളില്‍ ചാണകം, ഗോമൂത്രം എന്നിവ കലക്കി ഒഴിക്കുക. ഇങ്ങനെ 10 പാളികള്‍ ഉണ്ടാക്കുക. മണ്ണിലെ കാല്‍സ്യത്തിന്റെ അളവ് കൂട്ടാനായി മൂന്നാമത്തെ പാളിയില്‍ പച്ച കക്കയും കാര്‍ബണ്‍ ലഭ്യതയ്‌ക്കായി നാലാമത്തെയും ഒമ്പതാമത്തെയും പാളികളില്‍ ഉമിക്കരിയും ചേര്‍ക്കുന്നു. പത്ത് പാളികള്‍ക്കു മുകളില്‍ പയര്‍ വിത്തുകള്‍ നട്ടു മുളപ്പിച്ച പിന്നീട് ഈ മണ്ണിലേക്ക് തന്നെ അരിഞ്ഞിട്ട് ഇതില്‍ നൈട്രജന്റെ അളവും വര്‍ധിപ്പിക്കാം. ഇതാണ് ഇവര്‍ നിര്‍മ്മിച്ച ജീവനുള്ള മണ്ണിന്റെ മാതൃക.രണ്ട് ദിവസം കൂടുമ്പോള്‍ ഈ മണ്ണ് നനച്ച് കൊടുക്കണം. 3-4 മാസം കൊണ്ട് ഈ മണ്ണ് കൃഷിക്ക് പാകമാകും.
വേറൊരു വളപ്രയോഗവും നടത്താതെ ഈ മണ്ണില്‍ നിന്ന് നൂറുമേനി വിളവ് ലഭിക്കുമെന്നാണ് കുട്ടികളുടെ അനുഭവസാക്ഷ്യം. ഈ മണ്ണ് ഉപയോഗിച്ച് വെണ്ട, പയര്‍, പാവല്‍, വഴുതന, ചീര, വാഴ തുടങ്ങിയവ സ്‌കൂള്‍ മുറ്റത്തും പരിസരത്തുമായി കൃഷി ചെയ്തുവരുന്നു. കൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാനും സംശയങ്ങള്‍ തീര്‍ക്കാനുമായി മാലൂര്‍ കൃഷി ഓഫീസര്‍ ശ്രീനിവാസന്‍ കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നുണ്ട്.
മാലൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികളെ അനുമോദിച്ചു. ജീവനുള്ള മണ്ണിന് ലഭിച്ച അംഗീകാരവും പ്രോത്സാഹനവും കൂടുതല്‍ ഫലപ്രദമായ കാര്‍ഷിക പരീക്ഷണങ്ങള്‍ക്ക് ഊര്‍ജം പകരുമെന്ന പ്രതീക്ഷയിലാണ് മാലൂര്‍ സ്‌കൂള്‍ അധികൃതര്‍.
















