ഇസ്‌ലാമാബാദ്: പത്താന്‍കോട് ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസര്‍ കരുതല്‍ തടങ്കലിലാണെന്ന് പാക് അധികൃതര്‍ വ്യക്തമാക്കി. അസറുമായി ബന്ധപ്പെട്ട രണ്ടു മദ്രസകള്‍ അടച്ചുപൂട്ടിയതായും പഞ്ചാബ് മേഖലാ നിയമമന്ത്രിയും പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നേതാവുമായ റാണ സനാവുള്ള ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഭാരതം നല്‍കിയ രേഖകള്‍ പരിശോധിച്ച് അസറിന് ഭീകരാക്രമണത്തിലുള്ള പങ്ക് കണ്ടെത്താന്‍ തങ്ങള്‍ ശ്രമിച്ചുവരികയാണെന്നും റാണ പറഞ്ഞു.
ഭീകരവിരുദ്ധ സേന മസൂദ് അസറിനെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്. ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ ഉടന്‍ അറസ്റ്റു ചെയ്യാനാണിത്. എന്നാല്‍ ഏതെങ്കിലും സംഘടനയുടെ ഓഫീസ് അടച്ചുപൂട്ടുകയോ ആരെയെങ്കിലും അറസ്റ്റു ചെയ്യുകയോ ഉണ്ടായിട്ടില്ല. മസൂദിന്റെ സഹോദരന്‍ നടത്തുന്ന ഭവല്‍പ്പൂരിലുള്ള മദ്രസയും മസൂദുമായി ബന്ധപ്പെട്ട സിയാല്‍കോട്ടിലുള്ള മദ്രസയും പൂട്ടി മുദ്ര വച്ചിട്ടുണ്ട്. ദസ്‌ക്കയിലെ ജാമിയത്തുള്‍ മദ്രസയിലും ജെയ്ഷിന്റെ നിരവധി ഓഫീസുകളിലും റെയ്ഡുകളും നടത്തിയിട്ടുണ്ട്. റാണ പറഞ്ഞു.
















