തൊടുപുഴ: പണം മോഷ്ടിച്ചുവെന്നാരോപിച്ചു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു. മുട്ടം ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് പാലാ- തൊടുപുഴ റൂട്ടിലോടുന്ന ഒരു ബസിലെ ജീവനക്കാര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചത്. കുറുമണ്ണ് സെന്റ് ജോണ്‍സ് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയും നീലൂര്‍ പാറയില്‍ മനോജിന്റെ മകനുമായ നീരജ്(14) നെയാണ് മര്‍ദിച്ചത്. നീരജിനെ മാതാപിതാക്കള്‍ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും ശരീരത്തിലും മര്‍ദനമേറ്റതിന്റെ പാടുണ്ട്. ഇന്നലെ ഉച്ചക്കാണ്‌സംഭവം. അവധി ദിവസങ്ങളില്‍ കുട്ടി പാലാ – തൊടുപുഴ റൂട്ടിലോടുന്ന ഒരു ബസില്‍ ജോലിക്കാരനായി പോകുമായിരുന്നു. ആ കാലഘട്ടത്തില്‍ ബസില്‍ നിന്നും പണം മോഷ്ടിച്ചുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. മൂന്നു മാസമായി കുട്ടി ഒരു ബസിലും പോകുന്നില്ലെന്നു പിതാവ് മനോജ് പറയുന്നു. എന്നാല്‍ ഈ ബസ് വില്‍ക്കുകയും നിലവില്‍ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതുമാണ്. പഴയ വൈരാഗ്യമാണ് കുട്ടിയോടു തീര്‍ത്തതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. മുട്ടം പോലീസ് സ്‌റ്റേഷനിലേക്കു കുട്ടിയെ കൊണ്ടു പോകുകയാണെന്നു പറഞ്ഞു ബസുകാര്‍ ഒരു വാഹനത്തില്‍ കൂട്ടി കൊണ്ടു പോയേങ്കിലും ബസില്‍ കയറ്റി തൊടുപുഴയ്‌ക്കുവിടുകയായിരുന്നു. മാതാപിതാക്കളെ നീരജ് വിളിച്ചു അറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കു സാധിച്ചത്. ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്കാനാണ് മനോജിന്റെ തീരുമാനം.
















