കോഴിക്കോട്: നഗരത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ നടപടികളുമായി കോര്പ്പറേഷന്. ഇതിന് മുന്നോടിയായി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജപ്പാന് കുടിവെള്ള പദ്ധതി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം മേയറുടെ ചേംബറില്‍ ചേര്‍ന്നു .
ചെറുവണ്ണൂര്‍ , ബേപ്പൂര്‍ മേഖലകളില്‍ ജപ്പാന് കുടിവെള്ള പദ്ധതി പ്രകാരം പൈപ്പ്ലൈന് സ്ഥാപിക്കുന്ന പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനും എരവത്ത്കുന്ന്, തളി, കോവൂര്‍, മെഡിക്കല്‍ കോളേജ്, ഈസ്റ്റ്ഹില്‍ തുടങ്ങിയ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. നഗരസഭയില്‍ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ പൈപ്പ് ലൈന്‍ നീട്ടുന്നതിനും മറ്റും ആവശ്യമായ പ്രവൃത്തികള്‍ പദ്ധതി ഭേദഗതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്നതിനും ധാരണയായി.
ജപ്പാന് കുടിവെള്ള പദ്ധതി ആകെ 434 കിലോമീറ്റര്‍ വിതരണ പൈപ്പ് ലൈന്‍ വലിക്കാനുള്ളതില്‍ 192 കിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചു കഴിഞ്ഞു. ഇനി 242 കിലോമീറ്റര്‍ പൈപ്പ്ലൈന് സ്ഥാപിക്കാന്‍ ബാക്കിയുണ്ട്. അത് എത്രയും പെട്ടെന്ന് ചെയ്യുന്നതിന് ജെ.ഐ.സി.എ പ്രൊജക്ട് ഡയറക്ടറെ ചുമതലപ്പെടുത്തി.
നഗരസഭയിലെ ചെറുവണ്ണൂര്‍, ബേപ്പൂര്‍, എലത്തൂര്‍ പ്രദേശങ്ങളില്‍ ജപ്പാന് കുടിവെള്ള പദ്ധതി. വഴി കുടിവെള്ളം വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമന്ന് മേയര്‍ വി.കെ.സി. മ്മദ്കോയ ആവശ്യപ്പെട്ടു. എലത്തൂര്‍ മേഖലയിലേക്ക് കുടിവെള്ള വിതരണം നടത്തുന്നതിനായി തലക്കുളത്തൂര്‍ ടാങ്കില്‍ നിന്ന് പൂളാടിക്കുന്നത് ടാങ്കിലേക്ക് വെള്ളം എത്തിച്ച് കുടിവെള്ളവിതരണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കും.
നഗരത്തിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് കോര്പ്പറേഷന് നടത്തുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് മേയര്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്മാരോട് ആവശ്യപ്പെട്ടു.
നിലവിലുള്ള 163 ലക്ഷം രൂപയുടെ പദ്ധതികളില്‍ ടെണ്ടര്‍ നടപടികള്‍ കഴിഞ്ഞ പദ്ധതികളുടെ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാക്കി പ്രവൃത്തികള്‍ കൂടി ഉടന്‍ നിര്‍വ്വഹിക്കണമെന്ന് മേയര്‍ നിര്‍ദ്ദേശം നല്കി. എല്ലാ അംഗന്‍വാടികളിലും സ്ക്കൂളുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ മേയര്‍ക്കു പുറമെ ഡെപ്യൂട്ടി മേയര്‍ , മീര ദര്‍ശക്, ചെയര്മാന്മാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്, ടി.വി.ലളിതപ്രഭ, ആശാശശാങ്കന്‍, എം.സി. അനില്‍ കുമാര്‍ അനിതാരാജന്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്മാര്, നഗരസഭാ ഉദ്യോഗസ്ഥന്മാര് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: