ജക്കാര്‍ത്ത, ഇൗസ്താന്ബൂള്: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ പ്രസിഡന്റിന്റെ വസതിക്കടുത്ത് വന്സ്ഫോടനപരമ്പര. അഞ്ചു ചാവേറുകളടക്കം പതിനേഴു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം.
നഗരഹൃദയത്തിലെ തിരക്കേറിയ താമരിന്‍ സ്ട്രീറ്റിലെ ഒരു കോഫി ഷോപ്പിലാണ് ഭീകരര്‍ തോക്കുകളും ബോംബുകളുമായി ആദ്യം ആക്രമണം അഴിച്ചുവിട്ടത്. പ്രസിഡന്റിന്റെ വസതിയും നിരവധി വിദേശ എംബസികളും യുഎന്‍ ഓഫീസും സ്ഥിതി ചെയ്യുന്ന വീഥിയാണിത്. രാവിലെ പത്തരയോടെയായിരുന്നു ഇത്. മൂന്നു ചാവേറുകള്‍ ശരീരത്ത് കെട്ടിവച്ചിരുന്ന ബോംബുകള്‍ പൊട്ടിക്കുകയായിരുന്നു. രണ്ടു പേര് തുരുതുരാ വെടിയുതിര്‍ത്തു. തുടര്‍ന്ന് അടുത്തുള്ള അഞ്ചു സ്ഥലങ്ങളില്‍ ബോംബുകള്‍ പൊട്ടി. സംഭവത്തെത്തുടര്‍ന്ന് സൈന്യം ടാങ്കുകളുമായി നഗരത്തിലിറങ്ങി. അവര്‍ തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. സ്ഥാപനങ്ങള്‍ അടപ്പിച്ചു. പൊതു സ്ഥലങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ശക്തമായ കാവലും ഏര്‍പ്പെടുത്തി.
ഒരു പോലീസ് ഉദ്യോഗസ്ഥനും മൂന്ന് സാധാരണക്കാരും ഒരു ഡച്ച് പൗരനും സംഭവത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആറിടങ്ങളിലായി പതിനേഴു പേരാണ് മരിച്ചത്.
സൈന്യം തെരച്ചിലും തിരിച്ചടിയും ശക്തമാക്കിയതോടെ ചില ഭീകരര്‍ ജനവാസ കേന്ദ്രങ്ങളില്‍ ഒളിച്ചതായി സംശയമുണ്ട്. അതിനാല്‍ ഇവര്‍ വീണ്ടും ആക്രമണം നടത്തിയേക്കും. ഷാര്ലിയന് മുന്നറിയിപ്പ് നല്കി. പോലീസും സൈന്യവും നഗരം അരിച്ചുപെറുക്കുകയാണ്. തന്റെ ഓഫീസിന്റെ വളെരയടുത്താണ് സ്ഫോടനമുണ്ടായതെന്ന് യുഎന്‍ ഉദ്യോഗസ്ഥന് ജര്‍മ്മി ഡഗഌസ് പറഞ്ഞു. നാലു ഭീകരരെ വധിച്ചതായും മൂന്നു പേരെ പിടികൂടിയതായും സ്ഥിതി നിയന്ത്രണാധീനമാണെന്നും പോലീസ് അധികൃതര്‍ അറിയിച്ചു. ഏതാനും പേര് ഓടി രക്ഷപ്പെട്ടിട്ടുണ്ട്. അതിനാല്‍ സൈന്യം കരുതലോടെയാണ് നീങ്ങുന്നത്. കേണല്‍ മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു.
തെക്കന്‍ തുര്‍ക്കിയിലെ സിനാറില്‍ കുര്‍ദിഷ് ഭീകരര്‍ നടത്തിയ കാര്‍ബോംബാക്രമണത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. 39 പേര്‍ക്ക് പരിക്കേറ്റു. ബോംബു പൊട്ടി രണ്ടു പേരും സ്ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് മൂന്നു പേരുമാണ് മരിച്ചത്.
ലോകത്തേറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ നിരവധി ബോംബാക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. 2002ല്‍ ബാലിയിലുണ്ടായ ഭീകരാക്രമണത്തില്‍ 202 പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷാ സേനകളെ ശക്തമാക്കിയതിനെത്തുടര്‍ന്ന് ഇവിടുത്തെ നിരവധി ഭീകരസംഘടനകള്‍ ദുര്‍ബലമായെങ്കിലും ഐഎസിന്റെ വരവാണ് ഇന്തോനേഷ്യയ്ക്ക് പുതിയ ഭീഷണി. ഇന്നലെയുണ്ടായ ആക്രമണത്തിനു പിന്നിലും ഐഎസ്ആണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: