മുണ്ടക്കയം ഈസ്റ്റ്: ഇടുക്കി പായ്ക്കേജില്‍ ഉള്‍പ്പെടുത്തിയ നാരകംപുഴ-ഉറുമ്പിക്കര റോഡിന്റെ പണി തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെയായി നിര്‍മാണ ജോലി പൂര്‍ത്തികരിക്കാനായിട്ടില്ല. തകര്‍ന്ന 13 കിലോമീറ്റര്‍ റോഡിലൂടെ കാല്‍നട പോലും ദുഷ്കരമാണ്. പീരുമേട് താലൂക്കില്‍ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തിയ ഏക റോഡാണിത്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് നാരകംപുഴ-കൊക്കയാര്‍ -വെംബ്ലി-ഏന്തയാര്‍-വടക്കേമല-ഉറുമ്പിക്കര റോഡ് നിര്‍മാണം ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി ഏഴു കോടി രൂപ അനുവദിച്ചത്.
കൂട്ടിക്കല്‍ ചപ്പാത്ത് കവലയില്‍ നിന്നാരംഭിക്കുന്ന പാതയുടെ ആദ്യഭാഗത്തെ 2.5 കിലോമീറ്റര്‍ ഭാഗം ടാറിംഗ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ടാറിംഗ് നടത്തി ആഴ്ചകള്‍ക്കകം റോഡ് തകര്‍ന്നു. ചില ഭാഗങ്ങളില്‍ മെറ്റല്‍ പാകിയെങ്കിലും ടാറിംഗ് വൈകിയതോടെ മെറ്റല്‍ ഇളകി. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മെറ്റല്‍ ഇളകിത്തെറിക്കുന്നത് അപകടത്തിനിടയാക്കുന്നു. ഇളകിയ മെറ്റലില്‍ തെന്നി ഇരു ചക്രവാഹനങ്ങള്‍ മറിയുന്നത് പതിവായത് ദുരിതത്തിനിടയാക്കി. ടാറിങ് നടത്തിയ ഭാഗം തകര്‍ന്നതോടെ ബാക്കി ഭാഗം മഴക്കു ശേഷം മതിയെന്ന നാട്ടുകാരുടെ ആവശ്യപ്രകാരം ജോലി നിര്‍ത്തി വക്കുകയായിരുന്നു. മഴമാറിയിട്ടും ജോലികള്‍ തുടരാന്‍ കരാറുകാരന് തയ്യാറാവാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
ടാറിങ് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ എസ്റ്റിമേറ്റ് തുക തികയാതെ വന്നപ്പോള്‍ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം മുക്കാല്‍കോടിയോളം രൂപ അധികമായി നല്‍കുകയും എസ്റ്റിമേറ്റു പുതുക്കി നല്‍കുകയും ചെയ്തിട്ടും കരാറുകാരന് അലംബാവം കാട്ടുകയാണ്.
പാപ്പാനി വെളളച്ചാട്ടത്തിന് സമീപത്തൂ കൂടെ പാപ്പാനി തോടിനു കുറുകെയുളള പാലത്തിന്റെ പണി നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. വിവിധ സ്ഥലങ്ങളിലായി ഏഴോളം കലുങ്കുകള്‍ നിര്‍മിച്ചു. റോഡിന്റെ സംരക്ഷണഭിത്തികളും കെട്ടി. എന്നാല്‍ ടാറിംഗ് മാത്രം വൈകുകയാണ്. കരാറുകാരന് കൂടുതല്‍ ആദായം കിട്ടുന്ന ജോലികള്‍ നേരത്ത പൂര്‍ത്തിയാക്കുകയും, ടാറിംഗ് വൈകിപ്പിക്കുകയും ചെയ്യുന്നു ജനദ്രോഹമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കൊക്കയാര്‍ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളുടേയും സഞ്ചാരത്തിനുളള ഏക ആശ്രയമാണ് നാരകംപുഴ – ഉറുമ്പിക്കര റോഡ്. കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുന്നിലൂടെയാണ് പാത കടന്നു പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: