ദുബൈ: കണ്ണൂരിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ടു ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി ദുബൈ റാഷിദ് മെഡിക്കല്‍ സയന്‍സ് ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്‌ട്ര സെമിനാറില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി ആരോഗ്യ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തു വരുന്ന ഡോ.പി.കെ.പി മുസ്തഫയെ ആദരിച്ചു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ഐഎഎസ് ഉപഹാരവും അനുമോദന പത്രവും സമര്‍പ്പിച്ചു. രാജ്യാന്തര നിലവാരത്തോടെ കണ്ണൂരില്‍ ആരംഭിക്കുന്ന മാക്‌സ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ മാനേജിംഗ് ഡയരകര്‍ കൂടിയാണ് ഡോ. മുസ്തഫ. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച സമ്പൂര്‍ണ ഡയഗ്‌നോസ്റ്റിക് സെന്റര്‍ ‘മെഡി സ്‌കേപ് ഇന്റര്‍നാഷണല്‍’ എന്ന പേരില്‍ ഉടന്‍ തന്നെ കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. മികച്ച സേവനവും ആരോഗ്യ മേഖലയില്‍ രാജ്യാന്തര നിലവാരമുള്ള പദ്ധതികള്‍ ഒരുക്കുന്നതിനുള്ള അംഗീകാരവും കൂടിയാണ് പുരസ്‌കാര ചടങ്ങെന്ന് സംഘാടകര്‍ അറിയിച്ചു.
മുന്‍ മന്ത്രിയും ഖാദി ബോര്‍ഡ് ചെയര്‍മാനുമായ കെ.പി.നൂറുദ്ധീന്‍, വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീര്‍, മാധ്യമ പ്രവര്‍ത്തകന്‍ പി.പി. ശശീന്ദ്രന്‍, വാണിജ്യ വ്യവസായ സാമൂഹ്യ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
















