മറയൂര്‍: കുടിക്കാന്‍ വെള്ളവും ചികിത്സിക്കാന്‍ ഡോക്ടറും ഇല്ലാത്തതിനാല്‍ കാന്തല്ലൂര്‍ ഗവ.ആശുപത്രിയിലെത്തുന്ന രോഗികള്‍ വിഷമിക്കുന്നു. പഞ്ചായത്തിലെ ഏക ഗവ.ആശുപത്രിക്കാണ് ഈ ദുരവസ്ഥ. ഒരുവര്‍ഷത്തോളമായി നൂറ് കണക്കിന് രോഗികളെത്തുന്ന ആശുപത്രിയില്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും വെള്ളം ലഭ്യമാല്ലാതായിട്ട്. രോഗികളെപ്പോലെ തന്നെ ഇവിടുത്തെ ജീവനക്കാരും വെള്ളത്തിന്റെ ദൗര്‍ലഭ്യത്തില്‍ വിഷമിക്കുകയാണ്. വനവാസികളുള്‍പ്പെടെ എത്തുന്ന ആശുപത്രിയില്‍ സ്വയം ചികിത്സയാണ് കൂടുതലും നടക്കുന്നത്. അസുഖം പറഞ്ഞ് ഫാര്‍മസിയില്‍ നിന്നും ലഭ്യമായ മരുന്ന് വാങ്ങി മടങ്ങുകയാണ് ഇവിടുത്തെ പതിവ്. നിലവില്‍ ഡോക്ടറില്ലാത്തതിനാല്‍ മറയൂര്‍ ഗവ.ആശുപത്രിയിലെ ഡോക്ടറാണ് ചികിത്സയ്‌ക്കായി വന്ന് പോകുന്നത്. ചൊവ്വാഴ്‌ച്ചയും ബുധനാഴ്‌ച്ചയും ഡോക്ടര്‍ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടുമില്ല. നിരവധി പരാതികള്‍ ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറിയെങ്കിലും നടപടി സ്വീകരിക്കാതെ ഒഴിഞ്ഞ് മാറുകയാണ് പതിവെന്ന് രോഗികള്‍ പറയുന്നു. അതേസമയം ജലനിധി പദ്ധതിയില്‍പ്പെടുത്തി ഇവിടെ വെള്ളം എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതര്‍ പറയുന്നു. സമീപത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായിട്ടും അധികൃതര്‍ ഇതിനെ പൂര്‍ണ്ണമായും അവഗണിക്കുകയാണെന്ന ആരോപണം ശക്തമാണ്.
















