ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ഇസ്താംബൂളില്‍ 10 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ആക്രമണത്തെ ഭാരതം അപലപിച്ചു. രാജ്യം എന്നും ഭീകരവാദത്തിന് എതിരാണ്. ഒരു വിധത്തിലും ഇതിനെ പ്രോത്സാഹിപ്പിക്കില്ല. ഭീകരാക്രമണത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിന് ഭാരതം തുര്‍ക്കി സര്‍ക്കാരിന് എല്ലാവിധത്തിലുള്ള പിന്തുണയും ലഭ്യമാക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയും പെട്ടന്ന് അതില്‍ നിന്നും മോചിതരാവട്ടെയെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച ഇസ്താംബൂളിലെ ചരിത്രപ്രധാനമായ സുല്‍താനമെത് സ്‌ക്വയറിലുണ്ടായ സ്‌ഫോടനത്തില്‍ ജര്‍മ്മന്‍ വിനോദസഞ്ചാരി ഉള്‍പ്പടെ 10 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്നാണ് തുര്‍ക്കി സംശയിക്കുന്നത്.
















