ബെര്‍ലിന്‍: അഭയാര്‍ത്ഥി പ്രശ്നം യൂറോപ്പിനെ മുറിപ്പെടുത്തുന്നുവെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍. അവരെ നിയന്ത്രിക്കാനോ അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനോ ആകുന്നില്ലെന്നും ഫ്രാങ്ക്ഫര്‍ട്ടിനു സമീപം മെയ്ന്‍സില്‍ വ്യാവസായിക പരിപാടിയില്‍ മെര്‍ക്കല്‍ പറഞ്ഞു. എന്നാല്‍, അഭയാര്‍ത്ഥികളെ അവഗണിക്കില്ലെന്ന് സൂചിപ്പിച്ച് സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് ജര്‍മനി എപ്പോഴും പിന്തുണ നല്‍കുമെന്നും മെര്‍ക്കല്‍ വ്യക്തമാക്കി. ചില രാജ്യങ്ങള്‍ അവരുടെ രാജ്യത്തേക്കു പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെയും, പുതുവര്‍ഷദിനത്തില്‍ ജര്‍മനിയില്‍ അരങ്ങേറിയ പീഡന പരമ്പരകളുടെയും പശ്ചാത്തലത്തില്‍ മെര്‍ക്കലിന്റെ പ്രതികരണം.
യൂറോപ്പിലെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ് യൂറോ. യൂറോപ്പിനാകെ ഏക കറന്‍സിയെന്നു കരുതി രാജ്യാതിര്‍ത്തികള്‍ മറികടക്കുന്നതിനുള്ള മാധ്യമമാണതെന്നു കരുതാനാകില്ല. എന്നാല്‍, അധികം ബുദ്ധിമുട്ടില്ലാതെ അതിര്‍ത്തി കടക്കാന്‍ രാജ്യങ്ങള്‍ അവസരമൊരുക്കിയില്ലെങ്കില്‍ യൂറോപ്പ് എന്ന ഏക വിപണിയെ ബാധിക്കും- മെര്‍ക്കല്‍ പറഞ്ഞു.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പാസ്പോര്‍ട്ടില്ലാതെ പ്രവേശിക്കാവുന്ന ഷെന്‍ഗന്‍ സോണ്‍ ചില രാജ്യങ്ങള്‍ അടുത്തിടെ റദ്ദാക്കിയിരുന്നു. പുതുവര്‍ഷ ദിനത്തില്‍ ജര്‍മനിയില്‍ സ്ത്രീകളെ കുടിയേറ്റക്കാര്‍ പീഡിപ്പിച്ചതായി ആരോപണവുമുയര്‍ന്നു. അവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജര്‍മനിയില്‍ ശക്തമായ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മെര്‍ക്കല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: