വാഷിങ്ടണ്‍: ഐഎസ് ഭീകരരുടെ പക്കലുണ്ടായിരുന്ന കോടിക്കണക്കിന് വരുന്ന കറന്‍സി നോട്ടുകള്‍ ബോംബാക്രമണത്തിലൂടെ അമേരിക്ക നശിപ്പിച്ചു. ഐഎസിന്റെ സാമ്പത്തിക ശക്തി നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വന്‍തോതില്‍ കറന്‍സികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടങ്ങളില്‍ യുഎസ് ബോംബാക്രമണം നടത്തിയത്. ഇറാഖിലെ സെന്‍ട്രല്‍ മൊസൂളിലെ കെട്ടിടത്തിലാണ് പണം സൂക്ഷിച്ചിരുന്നത്. എത്ര തുക നശിപ്പിച്ചുവെന്ന് കൃത്യമായി പറയാന്‍ അധികൃതര്‍ തയ്യാറായില്ല. എന്നാല്‍ കോടിക്കണക്കിന് വരുമെന്ന് ഇവര്‍ പറഞ്ഞു.
മൊസൂളിലെ ഐഎസിന്റെ ട്രഷറിയുടെ പ്രവര്‍ത്തനം വളരെക്കാലമായി യുഎസ് നിരീക്ഷിച്ചുവരികയായിരുന്നു. അതിനുശേഷമായിരുന്നു ആക്രമണം നടത്തിയതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. രണ്ട് ബോംബുകളാണ് വളരെ പെട്ടെന്ന് ട്രഷറിയെ നാമാവശേഷമാക്കിയത്. ജനങ്ങളേറെയുള്ള മേഖലയായതിനാല്‍ വളരെ ശ്രദ്ധിച്ചുള്ള ആക്രമണമാണ് നടത്തിയത്. 50 ഓളം സാധാരണക്കാര്‍ കൊല്ലപ്പെട്ടേക്കുമെന്നാണ് യുഎസ് കരുതിയിരുന്നതെങ്കിലും ഏഴുപേര്‍ മാത്രമാണ് മരിച്ചത്.
ആഴ്ചകള്‍ക്ക് മുമ്പേ യുഎസ് ലക്ഷ്യ സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചിരുന്നു. തുടര്‍ന്ന് ഐഎസ് ഓയില്‍ ട്രക്കുകള്‍ക്കെതിരെ ബോംബാക്രമണം ആരംഭിച്ചിരുന്നു. ഇറാഖില്‍ സ്വന്തം സമ്പത്‌വ്യവസ്ഥ സൃഷ്ടിക്കാനുള്ള ഭീകരരുടെ ശ്രമമാണ് യുഎസ് തകര്‍ക്കുന്നത്. ജനകീയ മേഖലകളിലെ കൂടുതല്‍ ലക്ഷ്യങ്ങളും യുഎസ് നിരീക്ഷിച്ചുവരികയാണ്.
















