മുണ്ടേരി: മുണ്ടേരി ഗ്രാമത്തിലെ അക്ഷയശ്രീ സംഘങ്ങളുടെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. സംഘാംഗങ്ങളായ ഒരുകൂട്ടം നിസ്വാര്‍ത്ഥ സേവകരായ ചെറുപ്പക്കാര്‍ നാടിന്റെ സാമൂഹ്യ രംഗത്ത് വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട് ജനശ്രദ്ധ നേടുകയാണ്. വിനായക, ശിവശക്തി, മൂകാംബിക എന്നീ അക്ഷയശ്രീ സംരഭകരുടെ കൂട്ടായ്‌മയിലാണ് ഒരു നാട് ഒന്നാകെ സാമൂഹ്യ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്നത്. നിരവധി പദ്ധതികളാണ് മൂന്ന് സംഘങ്ങളുടെയും നേതൃത്വത്തില്‍ ഗ്രാമത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍നടന്നത്. ഏറ്റവും ഒടുവില്‍ വരുന്ന 17ന് മൂന്ന് സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും അവയവദാന സമ്മതപത്ര സമര്‍പ്പണവും നടത്തുകയാണ്. മുണ്ടേരി സെന്‍ട്രല്‍ യുപി സ്‌കൂളില്‍ നടക്കുന്ന പരിപാടി അക്ഷയശ്രീ സംഘങ്ങളുടെ പ്രവര്‍ത്തന പരമ്പരിയില്‍ ഒരു പൊന്‍തൂവലായിമാറുകയാണ്.
കഴിഞ്ഞ ആറ് മാസമായി സംഘങ്ങളുടെ നേതൃത്വത്തില്‍ യോഗാ ക്യാമ്പ് നടത്തിവരുന്നുണ്ട്. ദിവസവും രണ്ട് ക്ലാസുകള്‍ എന്ന രീതിയിലാണ് യോഗ ക്ലാസുകള്‍ നടക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഒന്നും, പുരുഷന്‍മാര്‍ക്ക് വേണ്ടി മറ്റൊന്നും നടക്കുന്നു. കഴിഞ്ഞ ഓണത്തിന് ഗ്രാമത്തിലെ 60 കഴിഞ്ഞ എല്ലാവര്‍ക്കും ഓണക്കോടി നല്‍കി അക്ഷയശ്രീ പ്രവര്‍ത്തകര്‍ ജനശ്രദ്ധ നേടുകയുണ്ടായി. കൂടാതെ ചിത്രരചന, കഥാരചന, കലാകായിക മത്സരങ്ങള്‍ എന്നിവയും സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി. മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ വിിധ ജനകീയ പദ്ധതികകളുമായി ബന്ധപ്പെട്ട ക്യാമ്പുകളും അക്ഷയശ്രീ സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തുകയുണ്ടായി. ജന്‍ധന്‍ യോജന ക്യാമ്പ്, അടല്‍ പെന്‍ഷന്‍ പദ്ധതി ബോധവല്‍ക്കരണം, ഇന്‍ഷൂറന്‍സ് പദ്ധതി അംഗങ്ങളെ ചേര്‍ക്കല്‍ തുടങ്ങി ജനോപകാര പ്രദമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ഏറ്റെടുത്തു നടത്തി.
എസ്എസ്എല്‍സി, പ്ലസ്ടു, തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ഉപരിപഠനത്തിനായി പഠനോപകരണങ്ങളും സാമ്പത്തിക സഹായവുമടക്കം അക്ഷയശ്രീ സംഘങ്ങളുടെ നേതൃത്വത്തില്‍ നല്‍കുകയുണ്ടായി. ജില്ലയിലെ അക്ഷയശ്രീ സംഘങ്ങള്‍ക്ക് മുണ്ടേരിയിലെ അക്ഷയശ്രീ സംഘങ്ങള്‍ മാതൃകാ സംഘങ്ങളായി മാറിയിരിക്കുകയാണ്.
















