കുടയത്തൂര്‍: ഒന്നര മാസമായി വെള്ളം തുറന്നു വിട്ടിരുന്ന മലങ്കര ജലാശയത്തില്‍ വെള്ളം നിറച്ചപ്പോള്‍ ജലാശയം മാലിന്യത്താല്‍ നിറഞ്ഞു.വെള്ളം തുറന്നു വിട്ടപ്പോള്‍ രൂപപ്പെട്ട കര പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടിയിരുന്നു.വെള്ളം നിറച്ചപ്പോള്‍ മാലിന്യങ്ങള്‍ ഡാമില്‍ നിറഞ്ഞു. സകല മാലിന്യങ്ങളും തള്ളുവാനുള്ള സുരക്ഷിത സ്ഥലമായിട്ടാണ് പലരും ഈ ജലാശയത്തെ കാണുന്നത്. കാശാപ്പ് മാലിന്യങ്ങള്‍ വരെ ഇവിടെ തള്ളുന്നവരുണ്ട്. അറ്റകുറ്റപണികള്‍ക്കായാണ് വെള്ളം തുറന്നു വിട്ടത്.നിരവധി കുടുബങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഇതിലെ ജലം ഉപയോഗിക്കുന്നുണ്ട്. കണക്കില്ലാതെ ജലാശയത്തില്‍ മാലിന്യം നിറയുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മാലിന്യത്താല്‍ ജലാശയം അശുദ്ധമാകുമ്പോഴും ഉത്തരവാദിത്തപ്പെട്ടവര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഇരുകനാലിലൂടെയും വെള്ളം ഒഴുക്കിവിടുമ്പോള്‍ മാലിന്യങ്ങള്‍ കനാല്‍ വഴി ഒഴുകി എത്തും.കനാലില്‍ കുളിക്കാനിറങ്ങുവര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇത് കാരണമാകും. ജലാശയത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
















