ന്യൂദല്‍ഹി: ജിഎസ്ടി ബില്‍ പാസ്സാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷങ്ങള്‍ തയ്യാറാണെങ്കില്‍ ബജറ്റ് സമ്മേളനത്തിന് മുമ്പ് പാര്‍ലമെന്റ് സമ്മേളനം വിളിക്കാനും സര്‍ക്കാര്‍ ഒരുക്കമാണ്.
സോണിയാ ഗാന്ധിയുടെ പത്ത് ജനപഥ് വീട്ടില്‍ നടന്ന ചര്‍ച്ച 20 മിനിട്ട് നീണ്ടുനിന്നു. ബില്ല് സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് വെങ്കയ്യ വ്യക്തമാക്കി. രാജ്യസഭ സെലക്ട് കമ്മറ്റിക്ക് അയച്ച ബില്ലിലെ ഏതാണ്ട് എല്ലാ ശുപാര്‍ശകളും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. രാജ്യസഭയില്‍ സര്‍ക്കാരിന് ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് സോണിയയുമായി വെങ്കയ്യ കൂടിക്കാഴ്ച നടത്തിയത്.
കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി അസാദും ആനന്ദ് ശര്‍മ്മയുമായി നേരത്തെ ജിഎസ്ടി ബില്ലും റിയല്‍ എസ്റ്റേറ്റ് ബില്ലും സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രധാനമന്ത്രിയും ഈ വിഷയം നേരത്തെ സോണിയയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യവും വെങ്കയ്യ സൂചിപ്പിച്ചു. പുതുവര്‍ഷത്തില്‍ ബില്ല് തീര്‍ച്ചയായും പാസ്സാക്കുമെന്നും നേരത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പറഞ്ഞിരുന്നു.
















