കോട്ടയം: കുമ്മനം രാജശേഖരന് അക്ഷരനഗരിയുടെ ആവേശോജ്ജ്വല വരവേല്‍പ്. ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റെടുത്തശേഷം ആദ്യമായി സ്വന്തം ജില്ലയില്‍ നല്‍കിയ സ്വീകരണം വികാരനിര്‍ഭരമായി. കേരളത്തിന്റെ സംഗീതലോകത്തെ കാരണവര്‍ നാഗസ്വരവിദ്വാന്‍ തിരുവിഴ ജയശങ്കര്‍ കുമ്മനത്തെ സ്വീകരിക്കാന്‍ വേദിയിലെത്തിയപ്പോള്‍ വന്‍ കരഘോഷമുയര്‍ന്നു. തിരുവിഴ ഷാള്‍ അണിയിച്ചപ്പോള്‍ കുമ്മനം അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ചു. പൊതുപ്രവര്‍ത്തനം ജനസേവനത്തിനുള്ള ഉപാധിയാണെന്ന് വിശ്വസിക്കുകയും സന്യാസിതുല്യമായ ജീവിതം നയിക്കുകയും ചെയ്യുന്ന കുമ്മനത്തെ കാണുവാനും അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കുവാനുമായി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും നൂറുകണക്കിനാളുകള്‍ മാമ്മന്‍മാപ്പിളഹാളില്‍ എത്തിയിരുന്നു.
തിരുനക്കര ക്ഷേത്രത്തിന് സമീപത്തുനിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് കുമ്മനത്തെ സ്വീകരണവേദിയിലേക്ക് ആനയിച്ചത്. തുടര്‍ന്നു നടന്ന സ്വീകരണസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.
താന്‍ പൊതുപ്രവര്‍ത്തനമാരംഭിച്ച തിരുനക്കരയും കോട്ടയം പട്ടണവും നല്‍കുന്ന ആവേശമാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് മറുപടി പ്രസംഗത്തില്‍ കുമ്മനം പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മുന്‍മന്ത്രി അഡ്വ. എം.പി ഗോവിന്ദന്‍ നായര്‍ പങ്കെടുത്ത സമ്മേളനത്തില്‍ സ്വാഗതപ്രസംഗം പൂര്‍ത്തിയാക്കാന്‍ കഴിയാതെ സ്‌റ്റേജില്‍ നിന്നിറങ്ങി പോകേണ്ടിവന്നത് അദ്ദേഹം അനുസ്മരിച്ചു. അച്ഛന്റെ പ്രേരണയാല്‍ മാമ്മന്‍മാപ്പിളയെക്കുറിച്ച് എഴുതിയതാണ് തന്റെ ആദ്യ ലേഖനമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു, ആര്‍എസ്എസ് പ്രാന്തീയ കാര്യകാര്യസദസ്യന്‍ അഡ്വ. എന്‍. ശങ്കര്‍റാം, കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) ചെയര്‍മാന്‍ അഡ്വ. നോബിള്‍മാത്യു, ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് വേലുക്കുട്ടന്‍, നേതാക്കളായ പി.കെ രവീന്ദ്രന്‍, പ്രൊഫ. ബി. വിജയകുമാര്‍, റ്റി.എന്‍ ഹരികുമാര്‍, കെ.എം സന്തോഷ്‌കുമാര്‍, എന്‍.ഹരി, എന്‍.കെ ശശികുമാര്‍, സുമാ മുകുന്ദന്‍, പി. സുനില്‍കുമാര്‍, എന്‍.പി കൃഷ്ണന്‍കുമാര്‍, കെ.കെ മണിലാല്‍, ലീല, ജിജോ ജോസഫ്, എസ്. രതീഷ്, ജയപ്രകാശ് വാകത്താനം, വല്‍സല ഹരിദാസ്, പി.ആര്‍ മുരളീധരന്‍, രമേശ്കാവിമറ്റം, പി.പി സാനു, പി.ജി ബിജുകുമാര്‍, സി.എന്‍ സുഭാഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















