ഇസ്ലാമബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നാലെ പ്രകോപന പ്രസ്താവനയുമായി പാക്കിസ്ഥാന്‍ പ്രസിഡന്റ് രംഗത്ത്. കശ്മീരില്‍ നടക്കുന്ന സ്വാതന്ത്ര്യപോരാട്ടത്തിന് തുടര്‍ന്നും പിന്തുണ നല്‍കുമെന്നാണ് പാക് പ്രസിഡന്റ് മാംനൂണ്‍ ഹുസൈന്‍ പറഞ്ഞത്. കശ്മീരില്‍ ഭാരതം മനുഷ്യാവകാശ ധ്വംസനം നടത്തുകയാണെന്നും പ്രസിഡന്റ് ആരോപിച്ചു. ചര്‍ച്ചകളിലൂടെ ഭാരത-പാക് ബന്ധം മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പാക് പ്രസിഡണ്ടിന്റെ വിവാദ പ്രസ്താവന.
പാക്കിസ്ഥാന്റെ രാഷ്‌ട്രപിതാവ് മുഹമ്മദാലി ജിന്നയുടെ വാക്കുകളും മാംനൂണ്‍ ഉദ്ധരിച്ചു. പാക്കിസ്ഥാന്‍ എന്ന് ഇംഗ്ലീഷില്‍ എഴുതുമ്പോഴുള്ള ‘കെ’ കശ്മീരാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരില്ലാതെ പാക്കിസ്ഥാന്‍ പൂര്‍ണ്ണമാവില്ലെന്നും മാംനൂണ്‍ പറഞ്ഞു.
പത്താന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പാക് പ്രസിഡന്റിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ആക്രമണത്തിനുത്തരവാദികളായ ഭീകരര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടിരുന്നു. നടപടിയെടുക്കുമെന്ന് ഷെരീഫ് ഉറപ്പും നല്‍കിയിരുന്നു. ഇതിനിടയിലാണ് പ്രസിഡന്റിന്റെ ഇപ്പോഴത്തെ പ്രകോപനം.
















