കൊച്ചി: ശബരിമലയിലെ മകരവിളക്ക് സീസണില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി എ.ഡി.ജി.പിയും ശബരിമലയിലെ പോലീസ് ചീഫ് കോ ഓര്‍ഡിനേറ്ററുമായ കെ. പദ്മകുമാര്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്, ജസ്റ്റീസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്.
സുരക്ഷാ വിഷയത്തില്‍ എ.ഡി.ജി.പി രേഖാമൂലം സഹായം ആവശ്യപ്പെട്ടാലല്ലാതെ സര്‍ക്കാരോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡോ ഇടപെടരുതെന്നും സുരക്ഷയുടെ പൂര്‍ണ്ണ ചുമതല എ.ഡി.ജി.പി പദ്മകുമാറിനായിരിക്കുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. മകരവിളക്ക് ദര്‍ശിക്കാന്‍ ഭക്തര്‍ തടിച്ചുകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
മകരവിളക്ക് സീസണിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് എ.ഡി.ജി.പി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജനുവരി ഒമ്പതു മുതല്‍ പമ്പയില്‍ 15 ഡിവൈ.എസ്.പിമാരെയും 34 സി.ഐ മാരെയും 135 എസ്.ഐമാരെയും 1250 പൊലീസുകാരെയും നിയോഗിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സന്നിധാനത്ത് 15 ഡിവൈ.എസ്.പിമാരെയും 30 സി.ഐമാരെയും 105 എസ്.ഐമാരെയും 1600 പൊലീസുകാരെയും നിയോഗിക്കും.
പുല്ലുമേട്ടിലും മറ്റും സുരക്ഷയൊരുക്കാന്‍ 1234 പൊലീസുകാരെ നിയോഗിക്കും. എരുമേലിയില്‍ 800 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ ഒരു കമ്പനി നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സും ഒരു കമ്പനി ദ്രുതകര്‍മ്മ സേനയും സുരക്ഷയൊരുക്കാനെത്തും. ആന്ധ്ര, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി ഓരോ കമ്പനി പോലീസിനെയും വിളിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
















