ന്യൂദല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ഭീകരരെ തുരത്താന്‍ സുരക്ഷാസേനകള്‍ നടത്തിയ നടപടി വന്‍ വിജയമെന്ന് ബിജെപി. വ്യോമത്താവളത്തിലെ ആസ്തികള്‍ സംരക്ഷിക്കാന്‍ സൈനികര്‍ക്കായെന്നും പാര്‍ട്ടി സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു.
സംഭവത്തിനു ശേഷം ഫോണില്‍ വിളിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനുള്ള രോഷം അറിയിച്ചുവെന്നും ശ്രീകാന്ത് ശര്‍മ വ്യക്തമാക്കി. പത്താന്‍കോട്ട് ഭീകരാക്രമണം സുരക്ഷാവീഴ്ചയെന്നും മോദിയുടെ പാക്കിസ്ഥാന്‍ നയം പരാജയമെന്നുമുള്ള കോണ്‍ഗ്രസ് ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടും മുംബൈ ആക്രമണത്തില്‍ നിരവധി പേര്‍ക്കു ജീവന്‍ നഷ്ടമായി. അതു തടയാന്‍ കഴിയാത്തവര്‍ക്ക് ഇപ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവകാശമില്ല. ഇപ്പോള്‍ സംഭവം നടന്നയുടന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഭാരത പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചു. അന്ന് അങ്ങനെയൊന്നുമുണ്ടായില്ല. ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിന്റെ മാനസിക പാപ്പരത്തമാണ് കാണിക്കുന്നത്.
ഇപ്പോഴത്തെ ഭീകരവാദ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് വിമര്‍ശനവുമായി രംഗത്തുവരാന്‍ അവകാശമില്ലെന്നും ശ്രീകാന്ത് ശര്‍മ ചൂണ്ടിക്കാട്ടി. പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധിക സമയം പ്രവര്‍ത്തിക്കുകയാണ്. കരസേനയ്‌ക്കു പകരം എന്‍എസ്ജിയെ രംഗത്തിറക്കിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നടപടിയോടും അദ്ദേഹം വിയോജിച്ചു. കരസേനയില്‍ പ്രവര്‍ത്തിച്ചവരാണ് എന്‍എസ്ജിയിലുമുള്ളത്. സംഭവം കോണ്‍ഗ്രസ് രാഷ്‌ട്രീയവത്കരിക്കുന്നു. പിന്തിരിപ്പന്‍ മനോഭാവമാണ് അവരുടെ പ്രസ്താവനകളിലുള്ളതെന്നും ശ്രീകാന്ത് ശര്‍മ ആരോപിച്ചു.
















