ചെന്നൈ: ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍ മാലിനി പാര്‍ത്ഥസാരഥി രാജിവെച്ചു. എഡിറ്ററെന്ന നിലയില്‍ പ്രകടനം മോശമാണെന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് 11 മാസം മുമ്പ് സ്ഥാനമേറ്റ മാലിനിയുടെ രാജി. അതേ സമയം ഹിന്ദു പത്രമാനേജ്‌മെന്റിലെ കുടുംബ സ്വത്തു തര്‍ക്കമാണ് രാജിയ്‌ക്ക് യഥാര്‍ത്ഥ കാരണം. സുരേഷ് നമ്പത്ത് എന്ന മലയാളിക്ക് എഡിറ്റര്‍ ചുമതല താല്‍ക്കാലികമായി നല്‍കിയിട്ടുണ്ട്. പത്രത്തിലെ ദേശീയ വാര്‍ത്താ വിഭാഗത്തിന്റെ മേധാവിയായിരുന്നു സുരേഷ്.
സഹോദരങ്ങളുടെ മക്കളായ എന്‍. റാമും മാലിനി പാര്‍ത്ഥസാരഥിയും തമ്മില്‍ ദീര്‍ഘനാളായി തുടരുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണിതും. മാലിനിയുടെ രാജി സ്വീകരിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍ ജീവനക്കാര്‍ക്കു നല്‍കി. റാം ചെയര്‍മാനായ ദ ഹിന്ദു ബോര്‍ഡ് ഓഫ് ഡയറകട്‌ടേഴ്‌സില്‍ ആജീവനാന്ത ഡയറക്ടറായി മാലിനി തുടരും.
പത്രത്തിന്റെ നയത്തിലും മാലിനിയുടെ പ്രവര്‍ത്തനത്തിലും അതൃപ്തരായി ഒട്ടേറെ പ്രമുഖ പത്രപ്രവര്‍ത്തകര്‍ ഹിന്ദുവില്‍നിന്നു രാജിവെച്ചു പോയിരുന്നു. പത്രത്തില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് രേഖാമൂലം പരാതിപ്പെട്ട രാഹുല്‍ പണ്ഡിത, പ്രവീണ്‍ സ്വാമി തുടങ്ങിയ പ്രമുഖര്‍ രാജിവെച്ചു പോകുമ്പോള്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങളും മാലിനിക്കു വിനയായി. എന്നാല്‍ പത്രത്തിന്റെ മുംബൈ എഡിഷന്‍ തുടങ്ങിയ ഇനത്തില്‍ ഉണ്ടായ വന്‍ചെലവും പണമിടപാടിലെ തിരിമറികളുമാണ് അവര്‍ക്കെതിരേ ഉയര്‍ന്ന ഏറ്റവും പുതിയ ആരോപണമെന്നറിയുന്നു.
ഏന്റെ കഴിവിനെ 11 മാസമെന്ന കുറഞ്ഞ കാലംകൊണ്ട് വിലയിരുത്തിയത് ഏറെ നിരാശപ്പെടുത്തിയെന്ന് അഭിപ്രായപ്പെടുന്ന രാജിക്കത്തില്‍ മുംബൈ എഡിഷന്‍ തുടങ്ങിയതും പത്രത്തിന്റെ ഉള്ളടക്ക നിലവാരം ഉയര്‍ത്തിയതും ഞാനാണെന്ന് മാലിനി രാജിക്കത്തില്‍ അവകാശപ്പെടുന്നു. പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ നിലനിര്‍ത്തിയെന്നും അവര്‍ വാദിക്കുന്നു.
മാലിനിക്ക് മുമ്പ് എഡിറ്റര്‍ പദവിയില്‍നിന്ന് രാജിവെച്ച സിദ്ധാര്‍ത്ഥ് വരദരാജ് പ്രസ്താവിച്ചത് എന്‍. റാം പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നായിരുന്നു. പത്രത്തിന്റെ നടത്തിപ്പിനെയും ജീവനക്കാരുടെ സ്വാതന്ത്ര്യത്തെയും തൊഴില്‍ സുരക്ഷാ മര്യാദകളേയും തുടര്‍ച്ചയായി ലംഘിക്കുന്ന പത്രത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ ജീവനക്കാര്‍ക്കുള്ളിലും കടുത്ത ആശങ്കയാണ്.
















